ശബരിമലയിലെ ഹലാൽ ശർക്കരയിൽ വൻ ട്വിസ്റ്റ്; കമ്പനിയുടമ ശിവസേനാ നേതാവ്

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്

Update: 2021-11-18 11:34 GMT
Editor : abs | By : Web Desk
Advertising

ശബരിമലയുമായി ബന്ധപ്പെട്ട ഹലാൽ ശർക്കര വിവാദം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കമെന്ന് വ്യക്തമാകുന്നു. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയല്ല ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നതെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകൾ പറയുന്നത്. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നത്. ഇതുമാത്രമല്ല, കമ്പനി ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമാണ്.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്. സതാര ജില്ലയിലെ മണ്ഡലത്തിൽ എൻസിപിയുടെ ബാലാസാഹെബ് പൻദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 39791 വോട്ടു നേടി സ്വതന്ത്രൻ മനോജ് ഭീംറാവു ഘോർപാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു ധ്യാൻദേവ്. പോൾ ചെയ്തതിൽ 19.95 ശതമാനം വോട്ടേ ഇദ്ദേഹത്തിന് നേടാനായുള്ളൂ. പാട്ടീലിന് 50.39 ശതമാനം വോട്ടു കിട്ടി. മണ്ഡലത്തിൽ 2014ൽ കോൺഗ്രസ് ടിക്കറ്റിലും ധ്യാൻദേവ് മത്സരിച്ചിരുന്നു. എന്നാൽ 2009 മുതല്‍ ജയിച്ചുവരുന്ന പാട്ടീൽ തന്നെയായിരുന്നു വിജയി. 

കരാട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം


ധ്യാൻദേവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറയെ ശിവസേനയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. നവംബർ 17ലെ താക്കറെ ഓർമദിനത്തിൽ വരെ ഇദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്റെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ. 

ധ്യാന്‍ദേവ് കദമിന്‍റെ ഇന്‍സ്റ്റഗ്രാം പേജ്. വെബ് സൈറ്റ് അടയാളപ്പെടുത്തിയതും കാണാം

സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡർ. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പായ്ക്കിങ്ങിൽ ഹലാൽ സർട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്.

ശബരിമലയിലെ വിവാദം

ശബരിമലയിൽ അരവണ, അപ്പം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചതാണ് സംഘ്പരിവാർ സംഘടനകളെ ചൊടിപ്പിച്ചത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി.ജെ.പിയും ഏറ്റെടുത്തു. 

കമ്പനി വെബ്സൈറ്റിന്‍റെ മുഖപേജ്

ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നതിനെതിരെ ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടുകയും ചെയ്തു. മറ്റു മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ശബരിമലയിൽ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങൾ പരിശുദ്ധവും പവിത്രവുമായിരിക്കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന നടപടിയാണെന്നും ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. 


ശബരിമലയില്‍ ഉപയോഗിച്ച ശര്‍ക്കരപായ്ക്കറ്റ് കമ്പനി വെബ്സൈറ്റില്‍. വലതുഭാഗത്ത് ധ്യാന്‍ദേവിനെ കുറിച്ചുള്ള പ്രൊഫൈല്‍

എന്നാൽ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ഉപയോഗിക്കുന്നതെന്നും അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News