ബിഹാറിലെ സ്‌കൂളില്‍ ആണ്‍ കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍സ്; തട്ടിപ്പ് കണ്ടെത്തി അധികൃതര്‍

അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു

Update: 2022-01-24 10:52 GMT

പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ അനുവദിച്ച തുക ആണ്‍കുട്ടികള്‍ക്കായി ചെലവാക്കി ബിഹാറിലെ സ്കൂള്‍. ബിഹാറിലെ സരണ്‍ ജില്ലയിലുള്ള ഹല്‍ക്കോരി സാഹ് സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ഈ വിചിത്ര സംഭവം. സരണ്‍ ജില്ലയിലെ ഡിഇഓ ആയ അജയ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകളും വസ്ത്രങ്ങളും വാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പോഷക് യോജന ഫണ്ട് വകമാറ്റിയാണ് ഇതിന് വേണ്ടി ചെലവാക്കിയത്. പുതുതായി സ്‌കൂളില്‍ ചാര്‍ജെടുത്ത ഹെഡ്മാസ്റ്ററയായ റയീസ് ഉല്‍ എഹ്രാറാണ് പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവന്നത്.

Advertising
Advertising

2016-17 കാലഘട്ടത്തില്‍ അനുവദിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനും അവരുടെ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്താനുമായി 2015ല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതിയുടെ മറവിലായിരുന്നു സ്‌കൂളില്‍ വന്‍തുകയുടെ ക്രമക്കേട് നടത്തിയത്.

സ്‌കൂളിലെ പല ആണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിന്‍ വാങ്ങാനായി പണം അനുവദിച്ചിരുന്നു എന്നും 2019നു മുന്‍പു തന്നെ ഇടപാടുകള്‍ സംബന്ധിച്ച് പുതിയ ഹെഡ്മാസ്റ്റര്‍ ഡിഎമ്മിന് കത്തെഴുതുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിവര്‍ഷം 60 കോടി രൂപ ചെലവിടുന്ന പദ്ധതി ഇതുവരെ 37 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. അന്താരാഷ്ട്ര രംഗത്ത് പോലും ശ്രദ്ധ പിടിച്ചു പറ്റിയ പദ്ധതിയായിരുന്നു ഇത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം രണ്ടംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News