വിശ്വഗുരുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങള്‍; പരിഹസിച്ച് പ്രകാശ് രാജ്

ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്

Update: 2023-05-28 13:10 GMT
Editor : Jaisy Thomas | By : Web Desk

പ്രകാശ് രാജ്

Advertising

ചെന്നൈ: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തില്‍ പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. 'വിശ്വഗുരുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങള്‍' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.

അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ തിളങ്ങുമെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തു. തമിഴന്‍റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതിനു പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ‘‘പുതിയ പാർലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ വലുതായിരിക്കട്ടെ, അതിൽ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള എല്ലാവർക്കും ഇടമുണ്ട്. പുതിയ വീട് എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെയും ആശ്ലേഷിക്കട്ടെ. ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തിൽ ദൃഢമായി നിലകൊള്ളട്ടെ’’ഷാരൂഖ് ട്വീറ്റ് ചെയ്തു.

‘ഇന്ത്യയുടെ വളർച്ചയുടെ ചരിത്രത്തിന്‍റെ പ്രതീകം’ എന്നാണ് അക്ഷയ് കുമാർ വിശേഷിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനിക്കുന്നതിനാൽ തനിക്ക് സന്തോഷം അടക്കാനാകില്ലെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. ഡൽഹിയിലെ ബാല്യകാലം അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘ഞാൻ മാതാപിതാക്കളോടൊപ്പം ഇന്ത്യാ ഗേറ്റ് സന്ദർശിക്കുമ്പോൾ, ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും ബ്രിട്ടീഷുകാർ നിർമിച്ചതാണ്. എന്നാൽ ഇതൊരു പുതിയ ഇന്ത്യയാണ്. എന്റെ ഹൃദയം അഭിമാനത്താൽ നിറഞ്ഞിരിക്കുന്നു. പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും പുതിയ ഇന്ത്യയുടെ പ്രതീകവുമാണ്. ഇന്ന് അഭിമാനത്തിന്റെ നിമിഷം’’. അക്ഷയ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രി മൂവരുടെയും ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പുതിയ മന്ദിരം ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് പുതിയ പാർലമെന്‍റ് മന്ദിരം പ്രധാന മന്ത്രി രാജ്യത്തിനു സമർപ്പിച്ചത്. തമിഴ്നാട്ടിലെ വിവിധ ആശ്രമങ്ങളിലെ സന്യാസിമാർ ചേർന്ന് ചെങ്കോൽ പ്രധാന മന്ത്രിക്കു കൈമാറി.ലോക്സഭ സ്പീക്കറിന്റെ കസേരയ്ക്ക് സമീപം ചെങ്കോൽ സ്ഥാപിച്ചു. ശിലാഫലകം അനാവരണം ചെയ്ത മോദി, മന്ദിരനിർമാണത്തിൽ പങ്കാളികളായ തൊഴിലാളികളെ ആദരിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News