'ഒരു കേസില്‍ ജാമ്യം ലഭിച്ചാല്‍ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്യുന്നു, ക്രൂരം'; 20 വരെ സുബൈറിനെതിരെ നടപടി തടഞ്ഞ് സുപ്രിംകോടതി

2018ൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ ലഖിംപൂർഖേരി, മുസഫർനഗർ, ഗാസിയാബാദ്, ഹത്രാസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ ബുധനാഴ്ച വരെ നടപടിയെടുക്കരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്

Update: 2022-07-18 11:29 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ 20 വരെ ഒരു നടപടിയും പാടില്ലെന്ന് സുപ്രിംകോടതി ഉത്തരവ്. സുബൈറിന്റെ ജാമ്യാപേക്ഷയിൽ യു.പി പൊലീസിനോടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2018ൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ ലഖിംപൂർഖേരി, മുസഫർനഗർ, ഗാസിയാബാദ്, ഹത്രാസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ ബുധനാഴ്ച വരെ നടപടിയെടുക്കരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈർ നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എ.എസ് ബൊപണ്ണ എന്നിവരാണ് ഉത്തരവിട്ടത്. ഹരജി ഇന്ന് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷക വൃന്ദ ഗ്രോവറിന്റെ ആവശ്യത്തെ തുടർന്നാണ് കോടതി കേസ് പരിഗണിക്കാൻ വച്ച ബുധനാഴ്ച വരെ തുടർനടപടികൾ പാടില്ലെന്ന് അറിയിച്ചിരിക്കുന്നത്.

Advertising
Advertising

ഇന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് മുൻപാകെയാണ് വൃന്ദാ ഗ്രോവർ ഹരജിയെക്കുറിച്ച് സൂചിപ്പിച്ചത്. ഹത്രാസ് കേസിൽ സുബൈറിനെ ഇന്ന് റിമാൻഡ് ചെയ്യാനിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിനുമുൻപിലെത്തിയത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനുമുൻപാകെ വിഷയം ഉണർത്താൻ അദ്ദേഹം നിർദേശിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ജസ്റ്റിസ് ചന്ദ്രചൂഢിനുമുൻപാകെ ഗ്രോവർ ഹരജി സൂചിപ്പിച്ചു. ഒരു കേസിൽ ജാമ്യം ലഭിക്കുമ്പോൾ മറ്റൊരു കേസെടുത്ത് പുറത്തിറങ്ങാൻ അനുവദിക്കാതെ സുബൈറിനെ വേട്ടയാടുകയാണ് യു.പി പൊലീസെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷക സൂചിപ്പിച്ചു.

തുടർന്നാണ് കേസ് ബുധനാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചത്. അതുവരെയുള്ള തുടർനടപടികൾ തടയുകയും ചെയ്തു. എല്ലാ കേസുകളുടെയും ഉള്ളടക്കം സമാനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. ഒരു കേസിൽ ജാമ്യം ലഭിച്ചാൽ മറ്റൊരു കേസിൽ റിമാൻഡ് ചെയ്യപ്പെടുന്നു. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. ഈ ക്രൂരമായ നടപടി തുടർന്നുകൊണ്ടിരിക്കുകയാണെന്നും ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട ഒരു കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹി കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, യു.പിയിൽ മറ്റ് അഞ്ച് കേസുകളുള്ളതിനാൽ പുറത്തിറങ്ങാനായിരുന്നില്ല. സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബർ ഏഴുവരെ നീട്ടിയിരുന്നു.

കഴിഞ്ഞ ജൂൺ 27നാണ് ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്നാരോപിച്ച് രണ്ട് കേസുകളിൽ സുബൈറിനെ ഹാത്രസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ് സുബൈർ. കേസിൽ നേരത്തെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുബൈർ സെഷൻസ് കോടതിയെ സമീപിച്ചത്. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ മാത്രമേ സുബൈറിന് ഇനി ജയിലിൽനിന്ന് ഇറങ്ങാനാവുകയുള്ളൂ.

വാർത്തകളുടെ വസ്തുത പരിശോധിക്കുന്ന സമാന്തര മാധ്യമസ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശം പുറത്തുകൊണ്ടുവന്നത് സുബൈറായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ കേസുകളിൽ പ്രതിചേർത്ത് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഓരോ കേസിൽ ജാമ്യം ലഭിക്കുമ്പോഴും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് യു.പി പൊലീസ്.

Summary: Supreme Court orders 'no precipitative steps' by UP Police against Zubair until July 20

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News