'10 ലക്ഷം രൂപ തന്നാൽ ഉത്തരങ്ങൾ എഴുതിച്ചേർക്കാം'; ഗുജറാത്തിൽ നീറ്റ് പരീക്ഷാ തട്ടിപ്പ്, അധ്യപകനടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

നീറ്റ് പരീക്ഷാ സെന്ററിലെ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കാറിൽ നിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തു

Update: 2024-05-10 09:49 GMT
Editor : ലിസി. പി | By : Web Desk

ഗോധ്ര: ഗുജറാത്തിൽ നീറ്റ് പരീക്ഷാത്തട്ടിപ്പിൽ സ്‌കൂൾ അധ്യാപകനടക്കം മൂന്ന് പേർ പിടിയിൽ. പത്ത് ലക്ഷം രൂപ വീതം തന്നാൽ ഉത്തരക്കടലാസില്‍ ശരിയുത്തരങ്ങൾ എഴുതിച്ചേർക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആറു വിദ്യാർഥികളിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന നീറ്റ്-യുജി പരീക്ഷയുടെ കേന്ദ്രമായ ഗോധ്ര സ്‌കൂളിൽ ചിലർ ക്രമക്കേട് നടത്തിയതായി കലക്ടർക്ക് സൂചന ലഭിച്ചിരുന്നു.  ഫിസിക്സ് അധ്യാപകനും പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന തുഷാർ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശരിയുത്തരം എഴുതിച്ചേർക്കാമെന്ന് പറഞ്ഞ് വിദ്യാർഥിയിൽ നിന്ന് വാങ്ങിയ ഏഴ് ലക്ഷം രൂപ തുഷാർ ഭട്ടിന്റെ കാറിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Advertising
Advertising

അറിയാത്ത ഉത്തരങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിച്ചിടാനായിരുന്നു ധാരണ. പേപ്പറുകൾ ശേഖരിച്ചുകഴിഞ്ഞാൽ തുഷാർഭട്ട് ഈ ശരിയുത്തരങ്ങൾ എഴുതിച്ചേർക്കുമെന്നും ഇവർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകുകയായിരുന്നു. ജയ് ജലറാം സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന തുഷാർ ഭട്ടിനെ ജില്ലാ അഡീഷണൽ കലക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അടങ്ങുന്ന സംഘം പരീക്ഷാ ദിവസം ചോദ്യം ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ 16 വിദ്യാർഥികളുടെ പേരുകളും റോൾ നമ്പറും പരീക്ഷാകേന്ദ്രങ്ങളും അടങ്ങിയ ലിസ്റ്റ് കണ്ടെത്തുകയും ചെയ്തു. കൂട്ടുപ്രതിയായ പരശുറാം റോയ് തുഷാർ ഭട്ടിന് വാട്ട്‌സാപ്പിലൂടെ അയച്ചുനൽകിയതായിരുന്നു ഇതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. 

ഇവരെല്ലാം താൻ സൂപ്രണ്ടായിരുന്ന കേന്ദ്രത്തിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയവരാണെന്ന് ഭട്ട് പൊലീസിനോട് സമ്മതിച്ചു. ഇവരിൽ ആറുപേരുടെ ചോദ്യപ്പേപ്പറുകളിൽ ശരിയുത്തരം എഴുതിച്ചേർക്കാൻ 10 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടതായും ഇയാൾ സമ്മതിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കിരിത് പട്ടേൽ പറഞ്ഞു. ഇതിൽ ഒരു വിദ്യാർഥി അഡ്വാൻസായി നൽകിയ ഏഴുലക്ഷം രൂപയാണ് കാറിൽ നിന്ന് പിടിച്ചെടുത്തത്. അന്വേഷണ സംഘം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് കേസെടുക്കാൻ ഉത്തരവിട്ടത്.കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഗോധ്ര താലൂക്ക് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News