ശീതസമരത്തിനൊടുവിൽ ഗവർണറെ ഒഴിവാക്കി; ബംഗാളിൽ സർവകലാശാല ചാൻസലർ പദവി മുഖ്യമന്ത്രിക്ക്

പശ്ചിമ ബംഗാൾ ക്യാബിനറ്റാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്

Update: 2022-05-26 11:53 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർവകലാശാല ചാൻസലർ പദവി മുഖ്യമന്ത്രിക്ക്. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കി. ഇതോടെ മുഖ്യമന്ത്രി മമതാ ബാനർജി സംസ്ഥാന സർവകലാശാലകളുടെ ചുമതല വഹിക്കും. പശ്ചിമ ബംഗാൾ ക്യാബിനറ്റാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഗവർണർ ജഗ്ദീപ് ധൻഖറും സംസ്ഥാന സർക്കാറും തമ്മിൽ മാസങ്ങളായുള്ള ശീതയുദ്ധത്തിന് ഒടുവിലാണ് തീരുമാനം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തിരുന്ന അതേ തരത്തിൽ തന്നെ സംസ്ഥാന സർക്കാറിനെ ബുദ്ധിമുട്ടിക്കുന്ന രീതിയിലായിരുന്നു ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറുടെ നടപടികൾ. മന്ത്രിസഭയുടെ തീരുമാനം ഒപ്പുവെച്ച് അംഗീകരിക്കേണ്ടത് ഗവർണർ തന്നെയാണ്. അദ്ദേഹം ഒപ്പിടാൻ സന്നദ്ധനായിട്ടില്ലെങ്കിൽ തീരുമാനം നിയമപ്രശ്‌നത്തിന് വഴിയൊരുക്കും.

സംസ്ഥാന സർക്കാർ തീരുമാനിക്കുന്ന വൈസ് ചാൻസലർമാരെ ഗവർണർ അംഗീകരിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലർ, രജിസ്ട്രാർ, ബോർഡ് ഓഫ് സ്റ്റഡീസ് എന്നീ പദവികളിൽ നിയമനം നടത്താനുള്ള അധികാരം ഗവർണറിൽ നിന്ന് മാറ്റി മുഖ്യമന്ത്രിക്ക് നൽകിയത്. ബിജെപിയുടെ പ്രതിനിധിയായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മമതാ ബാനർജി ആക്ഷേപിച്ചിരുന്നു.

മുഖ്യമന്ത്രി മമത ബാനർജി ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാജിവെക്കുമെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആരോപിക്കുന്ന പോലെ താൻ സർക്കാറിനെ അധിക്ഷേപിച്ചുകൊണ്ടിട്ട ഏതെങ്കിലും ഒരു ട്വീറ്റ് തന്നെ കാണിക്കൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു. തന്റെ സർക്കാറിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉയർത്തുന്ന ട്വീറ്റുകൾ അസ്വസ്ഥതയുണ്ടാക്കുന്നെന്ന് കാണിച്ച് മമതാ ബാനർജി ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നു. ഗവർണറോടുള്ള പ്രതിഷേധം മുഖ്യമന്ത്രി പരസ്യമായി മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ലക്ഷ്യം വെക്കുകയും ചെയ്യുകയാണ്. ഇവരൊക്കെ അടിമത്തൊഴിലാളികളാണെന്നാണ് ഗവർണർ കരുതുന്നത്. ഗവർണർ ഫോണുകൾ ചോർത്തുന്നു. പാർലമന്റിലെ ബജറ്റ് സമ്മേളനത്തെ പെഗാസസ് വിവാദം തടസപ്പെടുത്തുന്നത് പോലെയാണ് അദ്ദേഹത്തിന്റെ നടപടി. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


Full View

The Chief Minister of West Bengal has been given the post of University Chancellor

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News