രണ്ട് രൂപയുടെ പേന വിറ്റ് തുടങ്ങി; ഇന്ന് 24 ലക്ഷം രൂപ പ്രതിമാസ വരുമാനം, മുംബൈയില്‍ 4 ആഡംബര ഭവനങ്ങള്‍: സിനിമയെ വെല്ലുന്ന യോഗേഷ് ത്രിപാഠിയുടെ ജീവിതം
അഭിനയത്തിനുള്ള അവസരങ്ങള്‍ തേടുമ്പോഴും നിലനില്‍പിനുള്ള മാര്‍ഗമായിരുന്നു ത്രിപാഠിക്ക് പേന വില്‍പന
മുംബൈ: അഭിനയം സ്വപ്‌നം കാണുന്നവരുടെ ഇഷ്ട നഗരിയാണ് മുംബൈ. സിനിമയെന്ന സ്വപ്‌നവുമായാകും മിക്കവരും അവിടേക്ക് വണ്ടി കയറിയിട്ടുണ്ടാവുക. ടെലിവിഷന്‍ രംഗത്തെ ജനപ്രിയ താരമായ യോഗേഷ് ത്രിപാഠിയും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലെത്തുമ്പോള്‍ അഭിനയമോഹം മാത്രമായിരുന്നു മനസ്സില്‍. ഈയിടെ സിദ്ദാര്‍ഥ് കണ്ണന്‍റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ത്രിപാഠി വെല്ലുവിളികൾ നിറഞ്ഞ ആദ്യകാലത്തെക്കുറിച്ച് വാചാലനായി.
'മുംബൈയിലെത്തിയപ്പോള്‍ അതിജീവനത്തിനുള്ള മാര്‍ഗമായിരുന്നു ആദ്യം അന്വേഷിച്ചത്.രണ്ട് രൂപയുടെ പേന വിറ്റായിരുന്നു തുടക്കം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പലപ്പോഴും വേഷമിട്ടു. എന്‍റെ ആദ്യ ശമ്പളം 95 രൂപ മാത്രമായിരുന്നു.' ത്രിപാഠി പറയുന്നു.
അഭിനയത്തിനുള്ള അവസരങ്ങള്‍ തേടുമ്പോഴും നിലനില്‍പിനുള്ള മാര്‍ഗമായിരുന്നു ത്രിപാഠിക്ക് പേന വില്‍പന. 2004 ല്‍ മുംബെയിലെത്തിയ ത്രിപാഠി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2007ലാണ് ടെലിവിഷന്‍ രംഗത്തെത്തുന്നത്. ആദ്യ പരസ്യം തന്നെ ജനപ്രിയമായതിലൂടെയയിരുന്നു ടെലിവിഷനിലേക്കുള്ള ചുവടുവെപ്പ്. എഫ്‌ഐആര്‍ എന്ന ആദ്യ ഷോയിലെ അഭിനയത്തിന് 2800 ആയിരുന്നു പ്രതിഫലം.
'ഭാബിജി ഘര്‍ പര്‍ ഹേ' എന്ന സിറ്റ്‌കോം പരമ്പരയിലൂടെ ഹപ്പു സിങ്ങായാണ് പ്രേക്ഷകരുടെ ഇടയില്‍ അദ്ദേഹം വലിയ ജനപിന്തുണ നേടിയത്. മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന റോളായിരുന്നു അത്.എന്നാല്‍ 2019-ല്‍ ഹപ്പു സിങ്ങിനെ ആസ്പദമാക്കി ഒരു ഷോ കൂടി നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. അതിലൂടെ പ്രതിദിനം 60,000 എന്ന സ്വപ്‌ന സംഖ്യയിലേക്ക് ത്രിപാഠി എത്തി.
രണ്ട് രൂപയില്‍ തുടങ്ങിയ സമ്പാദ്യം പ്രതിമാസം 24 ലക്ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ത്രിപാഠിക്ക് കഷ്ടതകളില്‍ നിന്ന് അതിജയിച്ച ഓര്‍മകളാണ് പങ്കു വെക്കാനുള്ളത്. ആദ്യമായി മുംബൈയിലെത്തിയപ്പോള്‍ താന്‍ ചത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലായിരുന്നു നാല് രാത്രി ചെലവഴിച്ചതെന്നും ഇന്ന് തനിക്ക് മുംബൈയില്‍ സ്വന്തമായി നാല് ആഡംബര ഭവനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.