ബംഗാളില്‍ മൂന്നു പേര്‍ക്കു കൂടി നിപാ, ആകെ രോഗികള്‍ അഞ്ചായി; നിരീക്ഷണത്തില്‍ നൂറിലേറെ പേര്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ് ആദ്യം നിപാ ബാധ സ്ഥിരീകരിച്ചത്

Update: 2026-01-15 10:33 GMT

Representational Image

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നു പേര്‍ക്കു കൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ഡോക്ടര്‍ക്കും നഴ്‌സിനും ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗബാധ. ഇതോടെ, സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. 

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബര്‍സാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ് ആദ്യം നിപാ ബാധ സ്ഥിരീകരിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഇതേ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. മറ്റ് രണ്ട് പുതിയ രോഗികള്‍ കട്വ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇവര്‍ക്ക് നേരത്തെ രോഗം ബാധിച്ച നഴ്‌സുമായി സമ്പര്‍ക്കമുണ്ടായിരുന്നു. പുതിയ രോഗികളെല്ലാം ബെലെഘട്ടയിലെ പകര്‍ച്ചവ്യാധികള്‍ക്കായുള്ള പ്രത്യേക ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertising
Advertising

രോഗബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നൂറിലേറെ പേരെ കണ്ടെത്തി ക്വാറന്‌റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം പറഞ്ഞു. ക്വാറന്‌റീനിലുള്ള 100 പേരില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിച്ച 30 പേരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

നദിയ, പൂര്‍വ ബര്‍ധമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ജില്ലകളിലുള്ളവരാണ് നിപ ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നത്. രോഗബാധിതര്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്ന വിവരം ശേഖരിക്കുകയാണ്. ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ക്വാറന്‌റീനില്‍ പ്രവേശിപ്പിക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രോഗബാധ സ്ഥിരീകരിച്ച നഴ്‌സിന് ഡിസംബര്‍ 25 മുതല്‍ പനി ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡിസംബര്‍ 20 വരെ ബര്‍സാത്തിലെ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടിവന്നു. ജനുവരി രണ്ടിനാണ് കടുത്ത പനിയെ തുടര്‍ന്ന് ഇവര്‍ തിരിച്ചുവന്നത്. തുടര്‍ന്ന് കട്വയിലെയും ബര്‍സാത്തിലെയും ഏതാനും ആശുപത്രികളില്‍ ചികിത്സ തേടി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരും ക്വാറന്‌റീനിലാണ്.

നിപ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം. രോഗം സ്ഥിരീകരിച്ച നഴ്‌സ് ഡിസംബര്‍ 15 മുതല്‍ 17 വരെ ബന്ധുവിന്‌റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാദിയ ജില്ലയില്‍ പോയിരുന്നു. ഇവിടെ വച്ച് ശാന്തിനികേതന്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍, എവിടെവച്ചാണ് വൈറസ് ബാധയുണ്ടായത് എന്ന് കണ്ടെത്താനായിട്ടില്ല.

പഴംതീനി വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് നിപാ വൈറസ് പകരുന്നത്. ബംഗാളില്‍ ഏറ്റവുമൊടുവില്‍ 2001ലും 2007ലുമാണ് നിപാ ബാധയുണ്ടായത്. കേരളത്തില്‍ 2018ലുണ്ടായ നിപാ വ്യാപനത്തില്‍ 17 പേര്‍ മരിച്ചിരുന്നു. 2024 വരെ ആകെ 24 പേരാണ് കേരളത്തില്‍ നിപാ ബാധിച്ച് മരിച്ചത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News