വെടിവെക്കുമ്പോൾ തോക്ക് തകരാറിലായി; കണ്ടെത്തിയത് പൊട്ടാത്ത രണ്ട് തിരകൾ; ടൈഗർ ഷ്റോഫ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്ന് പ്രതികളും വിദേശത്തേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു

Update: 2026-10-20 05:48 GMT
Editor : Athulya | By : Athulya

മുംബൈ: മുംബൈയില്‍ ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേര്‍ക്കുണ്ടായ വെടിവെപ്പില്‍ തോക്കിന് തകരാര്‍ സംഭവിച്ചിരിക്കാമെന്ന് പ്രാഥമിക കണ്ടെത്തല്‍. ആക്രമണത്തില്‍ ഏഴ് റൗണ്ട് വെടിയുതിര്‍ത്തെന്നും പൊട്ടാത്ത രണ്ട് തിരകള്‍ കണ്ടെടുത്തെന്നും പൊലീസ് അറിയിച്ചു. അക്രമികളിലൊരാളുടെ തോക്കിനുണ്ടായ തകരാര്‍ മൂലം പൊട്ടാത്ത തിര പുറത്തേക്ക് തെറിച്ചുവീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. വെടിയുണ്ട തൊട്ടടുത്തു കൂടി കടന്നുപോയത് മൂലം ഗൺപൗഡർ അവശിഷ്ടങ്ങൾപറ്റി ടൈഗർ ഷ്റോഫിന് പൊള്ളലേറ്റിരുന്നു.

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെ ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ രണ്ടാമന്‍ തന്റെ തോക്കുമായി ബുദ്ധിമുട്ടുന്നതും കൈ മാറ്റിപ്പിടിച്ചിട്ടും വെടിവെക്കാന്‍ കഴിയാത്തതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. 7.62 എംഎം കാലിബറിലുള്ളതാണ് തിരകള്‍. തുര്‍ക്കിനിര്‍മിത സിഗാന പിസ്റ്റളാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ച് ഒഴിഞ്ഞ കേസിങ്ങുകളും കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

അതേസമയം ആക്രമണം നടത്തിയ മൂന്ന് പ്രതികളും വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം രാജസ്ഥാന്‍ വഴി വിദേശത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാൽ ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ പൊലീസിന്റെ സാങ്കേതിക സഹായത്തോടെ ക്രൈംബ്രാഞ്ചിന്റെ 20 പ്രത്യേക സംഘങ്ങൾ നടത്തിയ അന്തർസംസ്ഥാന ഓപ്പറേഷനിലൂടെ ആക്രമണം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായി. പൂണെ ജയ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കോട്ട റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഈ ട്രെയിനില്‍ ഡല്‍ഹിയിലെത്തി അവിടെ നിന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചെന്ന് സോണൽ ഡിസിപി രാജ് തിലക് റോഷൻ പറഞ്ഞു. അമേരിക്കയില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന അനില്‍ പണ്ഡിറ്റുമായി പ്രതികളിലൊരാളായ റെഹാന്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Athulya

contributor

Similar News