ന്യൂയോർക്കിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയ്ക്കും സുഹൃത്തിനും ദാരുണാന്ത്യം; ദൃശ്യങ്ങൾ പുറത്ത്
മലൈക ചിരിച്ചുകൊണ്ട് നവത്തിനെ തൻ്റെ സമീപത്തേക്ക് വലിക്കുകയായിരുന്നെന്ന് ചിലർ പറഞ്ഞു
ന്യൂയോർക്ക്: ന്യൂയോർക്കിലെ സബ്‌വേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം. ന്യൂജേഴ്‌സിയിലെ ഡെയ്റ്റൺ നിവാസിയായ മലൈക ചിത്രെ(24), സേർവില്ലെ നിവാസിയായ നേപ്പാളി-അമേരിക്കൻ വംശജൻ നവം കൗൾ (24) എന്നിവരാണ് മരിച്ചത്. ലോവർ മാൻഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 3:14 ഓടെയാണ് അപകടമുണ്ടായത്.
ട്രാക്കിൽ വീണ ഒരാളെ രക്ഷിക്കാൻ മറ്റൊരാൾ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. നവം കൗൾ ആദ്യം ട്രാക്കിലേക്ക് വീണതാകാമെന്നും ഇയാളെ രക്ഷിക്കാനായി മലൈക ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
സമീപത്തേക്ക് വന്ന ട്രെയിനിൻ്റെ മുമ്പിൽ നിന്ന് മാറാതെ നിൽക്കുന്ന ഇരുവരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലൈക ചിരിച്ചുകൊണ്ട് നവത്തിനെ തൻ്റെ സമീപത്തേക്ക് വലിക്കുകയായിരുന്നെന്ന് ചിലർ പറഞ്ഞു. ഡൗൺടൗൺ നമ്പർ 4 ട്രെയിനിന് കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇരുവരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ട്രെയിനിന്റെ മൂന്നും നാലും ബോഗികൾക്കടിയിൽ നിന്നാണ് കണ്ടെടുത്തത്. അപകടസമയത്ത് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ പിന്നീട് സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി.
മലൈകയും നവം കൗളും റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ ഒന്നിച്ച് പഠിച്ചവരാണ്. മലൈക അക്കാദിയ ഫാർമസ്യൂട്ടിക്കൽസിൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായും നവം ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.