'ആപ്'കാ മേയർ ഷെല്ലി ഒബ്‌റോയ്, ഫെബ്രുവരിയിലൊരു ക്രിസ്മസ്... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...

ട്രെൻഡിംഗ് വിട്ടൊരു കളിയില്ല കൊറിയൻ പോപ് ബാൻഡായ ബിടിഎസിന്

Update: 2023-02-23 01:04 GMT

ആപ്കാ മേയർ ഷെല്ലി ഒബ്‌റോയ്

ഡൽഹിയുടെ ആദ്യ വനിതാ മേയറായി എഎപിയുടെ ഷെല്ലി ഒബ്‌റോയ് ചുമതലയേറ്റതോടെ ആപ്കാ മേയർ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ. ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയ്‌ക്കെതിരെ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷെല്ലി ഒബ്‌റോയ് തെരഞ്ഞെടുക്കപ്പെട്ടത്. കേജ്‌രിവാൾ ജനങ്ങൾക്ക് നൽകിയ 10 വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നായിരുന്നു മേയറായി ചുമതലയേറ്റ ശേഷം ഷെല്ലിയുടെ ആദ്യ പ്രതികരണം. ഡൽഹി ഈസ്റ്റ് പട്ടേൽ നഗറിൽ നിന്ന് ജയിച്ച ഷെല്ലി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertising
Advertising

ഫെബ്രുവരിയിലൊരു ക്രിസ്മസ് ട്രെൻഡിംഗ്

ക്രിസ്മസ് ഒരു ട്രെൻഡിംഗ് ഹാഷ്ടാഗാണിന്ന് ട്വിറ്ററിൽ. ക്രിസ്മസിനെന്താണ് ഫെബ്രുവരിയിൽ കാര്യം എന്നാണോ? എന്നാൽ ഇത് നമ്മളുദ്ദേശിക്കുന്ന ക്രിസ്മസ് അല്ല, ബിടിഎസ് അംഗം ജിമിന്റെ സിംഗിളിന്റെ പേരാണ് ക്രിസ്മസ് ലവ്. അത് ക്രിസ്മസ് എന്ന പേരിലാണ് ട്രെൻഡിംഗിൽ ഇടം നേടിയിരിക്കുന്നത്. മാർച്ച് 6ന് എല്ലാ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും പാട്ട് റിലീസ് ചെയ്യും. ഇതാണ് 2020ലിറങ്ങിയ പാട്ട് ഇപ്പോൾ ട്രെൻഡിംഗിൽ കയറിപ്പറ്റാൻ കാരണം.

അന്നും ഇന്നും എന്നും ബിടിഎസ്

ട്രെൻഡിംഗ് വിട്ടൊരു കളിയില്ല കൊറിയൻ പോപ് ബാൻഡായ ബിടിഎസിന്. രണ്ട് ദിവസം കൂടുമ്പോഴെങ്കിലും ബിടിഎസും ബാൻഡിലെ അംഗങ്ങളും ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിരിക്കും. ഇന്നും പതിവ് തെറ്റാതെ ബിടിഎസ് ഉണ്ട് ട്വിറ്റർ ട്രെൻഡിംഗിൽ. ഐഎഫ്പിഐയുടെ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് സെല്ലിംഗ് ആർട്ടിസ്റ്റ് ആയാണ് ഇത്തവണ ബിടിഎസ് ട്രെൻഡിംഗിലിടം നേടിയിരിക്കുന്നത്.

ജാതി വിവേചനം നിരോധിച്ച് സിയാറ്റിൽ

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിക്കുന്ന ആദ്യ അമേരിക്കൻ നഗരമായാണ് സിയാറ്റിൽ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയത്. ജോലിസ്ഥലങ്ങളിലും മറ്റും ജാതിപരമായ വിവേചനങ്ങൾ നിലനിൽക്കുന്നതായി ആരോപണമുയർന്നിരുന്നു. പ്രധാനമായും സൗത്ത് ഏഷ്യൻ സമൂഹത്തിലാണ് ജാതിവിവേചനം കൂടുതലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിട ചൊല്ലി സുബിയും

നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗവാർത്ത ട്വിറ്ററിലും ആരാധകർ ഏറെ ഞെട്ടലോടെയാണ് ഏറ്റെടുത്തത്. കൊച്ചി രാജഗിരി ആശുപത്രിയിൽ രാവിലെ 10 മണിയോടെയായിരുന്നു സുബിയുടെ അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

സുശാന്ത് സിംഗ് രജ്പുതിന്റെ ആദ്യ ചിത്രം കൈപോചെയുടെ പത്താം വാർഷികവും, ഓഹരി വിപണിയിലെ ഇടിവും ലയണൽ മെസ്സിയും റാഫേൽ നദാലുമെല്ലാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗിലിടം നേടിയിട്ടുണ്ട്‌.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News