​'വെളിച്ചമറിയാതെ, കാലമറിയാതെ ആറാണ്ടുകൾ; നരച്ച ചുമരിലെ പൊള്ളുന്ന കഥകൾ...'; വിചാരണയില്ലാത്ത തടവറയിൽനിന്ന് ഉമർ ഖാലിദ്

2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. വിചാരണാതടവുകാരനായി ആറു വർഷം പൂർത്തിയാക്കുകയാണ് ഉമർ ഖാലിദ് ഇന്ന്...

Update: 2026-09-13 11:29 GMT

രാവിലെ 06:00 AM

'ഉമർ...ഉമർ ഖാലിദ്...'

ഉറക്കത്തിനിടയിൽ ജയിൽ വാർഡൻ പുറത്തുനിന്ന് ഉച്ചത്തിൽ പേര് വിളിക്കുമ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്. അത്ര വ്യക്തമൊന്നുമല്ലെങ്കിലും എൻറെ പേരാണതെന്ന് മാത്രം മനസിലാകും. ഇതാണ് ഗിന്തി, തടവുകാരുടെ എണ്ണമെടുക്കാൻ വേണ്ടി ദിനേനെയുള്ള ഒരു ആചാരം. ജീവനോടെയുണ്ടെന്ന് അറിയിക്കാനായി ഈർഷ്യയോടെ കൈ പുറത്തേക്കൊന്ന് നീട്ടിക്കാണിച്ച ശേഷം പാതിവഴിയിൽ മുറിഞ്ഞുപോയ ഉറക്കത്തിനായി തിരിഞ്ഞുകിടക്കും. ആ സമയത്ത് ദൂരെയെവിടെയോ മുഴങ്ങിക്കേൾക്കുന്ന പ്രഭാതപ്രാർഥനയുടെ ശബ്ദങ്ങൾ സ്മൃതിമണ്ഡലത്തിൽ മുങ്ങിപ്പോയ പഴയകാലങ്ങൾക്ക് ജീവൻ നൽകുന്നത് ഞാനറിയാറുണ്ട്.

Advertising
Advertising

സെല്ലിൻറെ മേൽക്കൂരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന പല്ലിയെയാണ് കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്നത്. ചെറുപ്പം മുതലേ എനിക്ക് പല്ലികളെ പേടിയായിരുന്നു. മുറിയിലൊരു പല്ലിയെ കണ്ടാൽ ഏറെ നേരത്തേക്ക് ആ പരിസരത്ത് പോലും ഞാനുണ്ടാകുമായിരുന്നില്ല. എന്നാൽ, തടവറയിലെ ജീവിതം പല്ലികളടക്കമുള്ള മറ്റ് ജീവികളോടൊപ്പം സഹവസിക്കാൻ എന്നെ പഠിപ്പിച്ചു. എന്തുതന്നെയായാലും ഈ ഇരുണ്ട മുറിക്കുള്ളിൽ ചിലപ്പോഴെങ്കിലും ഏകാന്തതയെ കീറിമുറിച്ച് ചിലക്കാൻ അവയെങ്കിലുമുണ്ടല്ലോ എന്നതാണാശ്വാസം...

രാവിലെ 08:00-09:30 AM

ജയിൽ ഫാക്ടറിയിലെ കൂലിപ്പണിയായ 'മുഷാക്' ജോലിക്ക് പേര് നൽകിയിട്ടുള്ള തടവുകാർ എട്ടുമണിയോടെ ജോലിക്ക് എത്തണം. ഇവിടെ മിക്ക ജോലികളും ചെയ്യുന്നത് തടവുകാരാണ്; ജയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവരുടെ പങ്ക് വിസ്മരിക്കാവതല്ല. ഇതൊരു ചെറിയ ലോകമാണ്, ആ​ഗ്രഹിച്ചാൽ പോലും അതിരുകൾ ലംഘിക്കാൻ കഴിയാത്ത, ഒരു നഗരത്തിനുള്ളിലെ മറ്റൊരു നിശബ്ദ നഗരം.

പുറംലോകവുമായുള്ള വേരുകൾ മുഴുവൻ അറുത്തുമാറ്റപ്പെട്ട ഇവിടെ ഏക ആശ്വാസം പത്രമാണ്. മതിലുകൾക്കപ്പുറത്തെ വിശാലമായ ലോകത്തിന്റെ ഒരു കുഞ്ഞു കഷ്ണം... മറ്റൊരു തടവുകാരനാണ് പത്രമെത്തിച്ചുതന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകർത്തതിന് സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടുകൊണ്ട് പരീക്ഷാ ചോർച്ചയ്ക്കെതിരെ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഞാൻ അടുത്തിടെ വായിച്ചിരുന്നു. എൻറെയുള്ളിൽ എന്നോ വിലങ്ങിട്ട ഒരുതരം അസ്വസ്ഥത വീണ്ടും മുളച്ചുപൊന്തുന്നതും പടർന്നുപന്തലിക്കുന്നതും ഞാനറിഞ്ഞിരുന്നു. പ്രതിഷേധത്തിൻറെ സാധ്യതകളും ആവേശവും അനുഭവിച്ചറിയാനും, രാജ്യത്തെ ഊർജസ്വലരായ യുവാക്കളുടെ കൂടെ നിൽക്കാനും ഒരു വഴിയുണ്ടായിരുന്നെങ്കിലെന്ന് വ‍്യഥാ ഞാൻ കിനാവ് കാണും... ഈ പത്ര വാർത്തകളാണ് പലപ്പോഴും നിരാശയുടെ പടുകുഴിയിൽ നിന്നുമെനിക്ക് പിടിച്ചുകയറാനുള്ള ഏക ആശ്രയം. ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം വിളികളുമായി, പ്ലക്കാഡുകൾ ഉയർത്തിയ വിദ്യാർഥികളുടെ ചിത്രങ്ങളും പത്രത്തിലുണ്ടായിരുന്നു. പുഞ്ചിരിക്കാനും മനസുകൊണ്ട് അവരുടെ സൗഹൃദത്തിൻറെ ഊഷ്മളത അനുഭവിക്കാനും മാത്രമേ എനിക്കാകുമായിരുന്നുള്ളൂ.

രാവിലെ 11:00 AM

കൈയിലൊരു കോടതി ഉത്തരവുമായെത്തിയ സഹതടവുകാരന്റെ ശബ്ദമാണ് എന്റെ ചിന്തകളെ മുറിച്ചത്. ഓടിക്കിതച്ചെത്തിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ ചെറുതെങ്കിലും പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു. ഉത്തരവ് ഞാൻ വായിച്ച് വിശദീകരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ വരവിന്റെ ലക്ഷ്യം. എന്നാൽ, വായിച്ചുകേൾപ്പിച്ച ഉത്തരവിൽ നിരാശ മാത്രമായിരുന്നതുകൊണ്ടാകാം, അദ്ദേഹത്തിനത് തീരെ ഇഷ്ടപ്പെട്ടില്ല. കേട്ടതിൽ സംതൃപ്തനാകാതെ അത് വീണ്ടും വീണ്ടും വായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവിലെ ഓരോ വാക്കും ഞാൻ ഹിന്ദിയിലേക്ക് തർജമ ചെയ്തു നൽകി, വീണ്ടും വീണ്ടും വായിച്ചുകൊടുത്തു. എന്നാൽ, ആവർത്തിച്ചു വായിച്ചതുകൊണ്ടുമാത്രം ഉത്തരവ് മാറുന്നില്ലല്ലോ! ഒടുവിൽ വേദനയോടെ തിരിച്ചുനടക്കുന്ന ആ മനുഷ്യന്റെ കാഴ്ചയിൽ നിന്ന് കണ്ണെടുക്കാനാകാതെ ഞാൻ അങ്ങനേയിരുന്നു... സഹതടവുകാരെ നിരാശപ്പെടുത്താൻ എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. എല്ലാ ദിവസവും തടവുകാർക്കായി ഞാൻ നിരവധി അപേക്ഷകൾ എഴുതാറുണ്ട്—ചിലതൊക്കെ അടിയന്തര പ്രാധാന്യമുള്ളവയും, മറ്റ് ചിലത് അസംബന്ധങ്ങളും...

ഉച്ചയ്ക്ക് 12:00-01:30 PM

തലയ്ക്ക് മുകളിൽ കത്തിനിന്ന് ഞങ്ങളെ നോക്കി സഹതപിക്കുന്ന സൂര്യനെ അവ​ഗണിച്ച് വീണ്ടും സെല്ലുകളിലേക്ക് തിരിച്ചുപോകേണ്ടുന്ന സമയമായിരിക്കുന്നു. സെല്ലിനകത്ത് കടുത്ത ചൂടാണ്, അകത്തെ മനുഷ്യർക്കും... ചുട്ടുപൊള്ളുന്ന ചുമരിന്റെ ചൂട് ഇത്തിരിയെങ്കിലും കുറയ്ക്കാൻ കുറച്ച് വെള്ളം തളിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം എനിക്കൊരൽപ്പം പിടിപ്പത് പണിയുണ്ട്. സുഹൃത്തുക്കളുമായും കുടുംബവുമായും നടത്താനുള്ള അടുത്ത ഫോൺ കോളിനായി ഞാൻ കാര്യങ്ങൾ കുറിച്ച് വെക്കണം. ആഴ്ചയിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് ഫോൺ കോൾ ചെയ്യാനാണ് എനിക്ക് അനുവാദമുള്ളത്. ഓരോ സെക്കൻഡും എത്ര വിലപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടാകുന്നത് ഇവിടെ വന്നതിൽപ്പിന്നെയാണ്. അഞ്ച് മിനിറ്റെന്നത് തീരെ ചെറിയ സമയമാണല്ലോ. പലപ്പോഴും ഒരു കോളിന് മുമ്പ് എനിക്ക് തയാറെടുക്കേണ്ടിവരാറുണ്ട്. ഞാൻ ചിന്തിക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ കൃത്യമായി കൈമാറാൻ ഉപകരിക്കുന്ന വാക്കുകൾ തന്നെ ഉപയോഗിക്കണം, വിശദീകരിക്കേണ്ടിവന്നാൽ പറയാനുള്ളതത്രയും പറഞ്ഞു തീർക്കാൻ സാധിക്കില്ല. എങ്കിലും, സുഹൃത്തുക്കളോട് സംസാരിക്കാൻ സമയം കുറവ് വരുന്നത് എന്നെ അത്രയേറെ വേദനിപ്പിക്കാറുണ്ട്. അഞ്ചുമിനിറ്റിൽ എത്രയാണ് പറഞ്ഞു തീർക്കേണ്ടത്! അതുമെന്റെ പ്രിയപ്പെട്ടവരോട്...

വൈകുന്നേരം 06:30 PM

ആറരയാകുമ്പോഴേക്ക് അത്താഴമെത്തും. അത് കഴിയുന്നതോടെ കൂട്ട് ജയിലഴികൾ മാത്രമാകും. എല്ലാവരും വീണ്ടും തങ്ങളുടെ സെല്ലിലേക്ക് മടങ്ങും. ജയിലൊരു തടവറയാകുന്നത് അങ്ങനെയാണ്, അതിഭയാനകമായ ഒറ്റപ്പെടുത്തലും വിരഹവും കൊണ്ട് നിങ്ങളെ വീർപ്പുമുട്ടിച്ചുകൊണ്ടേയിരിക്കും. ദിവസങ്ങളോരോന്നും കാതങ്ങളായി തോന്നും, നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഘ്യവും... ഏകാന്തതയുടെ പടുകുഴിയിൽപ്പെട്ട് ഉഴലുമ്പോൾ സമയമോ കാലമോ നിങ്ങളെ ബാധിക്കില്ല. ദിന രാത്രങ്ങൾ കൊഴിഞ്ഞുവീഴുന്നതും വേനലും വസന്തവും മാറി ശൈത്യമെത്തുന്നതും നിങ്ങളറിയില്ല, നിറം മങ്ങിയ, നര വീണ കറുപ്പ് നിങ്ങൾക്കുമുമ്പിലങ്ങനെ നീണ്ട് പരന്ന് കിടക്കും... നേരത്തേ കോടതിയിൽ വിചാരണയുള്ള തീയതികളും വായിച്ച പുസ്തകങ്ങളിലൂടെയുമാണ് ഞാൻ സമയവും ദിവസവും മനസിലാക്കാറുണ്ട്. ഇത്രയും വർഷങ്ങൾക്കിപ്പുറവും ജീവിതം അതേപടി തന്നെ...

രാത്രി 09:00 PM

ഒത്തിരി നേരം ചുറ്റിത്തിരിഞ്ഞ്, അവിടെയും ഇവിടെയുമിരുന്ന് ചാഞ്ഞു ചെരിഞ്ഞും നോക്കിയാണ് ഒടുവിൽ ഉറക്കമെന്നെ കീഴ്പ്പെടുത്തുന്നത്. ഈ സമയങ്ങളിൽ ഞാൻ എന്റെ റേഡിയോ ഓൺ ചെയ്യും, പുസ്തകമെടുക്കും, പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ പതിയെ ഓർമകളുടെ പടവ് കയറിത്തുടങ്ങും. വിഷാദം വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ തലവെട്ടിച്ച് അൽപനേരം വായനയിൽ സ്വയം തളച്ചിടാൻ ശ്രമം നടത്തും. ദിവസത്തിൻറെ ഈ അവസാനസമയങ്ങളിലാണെന്ന് തോന്നുന്നു, ഞാൻ അൽപ്പമെങ്കിലും സമാധാനം അനുഭവിക്കുന്നത്.. ഞാനെന്റെ സ്വത്വമറിയുന്നത്!

രാത്രി 01:00 AM

ഉറക്കത്തിനിടയിൽ, കടുത്ത ചൂടിൽ വെന്തുരുകി ഏതാനും മണിക്കൂറുകൾക്ക് ശേഷം ഞെട്ടിയുണരുന്നത് മിക്ക രാത്രികളിലെയും പതിവാണ്. ജയിലിനുള്ളിലെ ഈ ശ്വാസംമുട്ടൽ, ഒരു തടവുകാരന്റെ ജീവിതസാഹചര്യത്തിന്റെ സ്വാഭാവിക ഭാഗമായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. എങ്കിലും, ചിലപ്പോഴൊക്കെ ശ്വാസമെടുക്കാൻ പോലുമാകാത്തവിധം വായു ഉറഞ്ഞുപോകുന്ന ഈ മുറി എന്നെ കടുത്ത പരിഭ്രാന്തിയിലാഴ്ത്താറുണ്ട്.

എന്റെ മുപ്പതുകളുടെ ഭൂരിഭാഗവും ഞാൻ എങ്ങനെയാണ് ഈ തടവറയ്ക്കുള്ളിൽ കഴിച്ചുകൂട്ടിയത്? ഈ അനീതികൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ഞാൻ വെറുതെ ചിന്തിച്ചുപോകും... നമ്മുടെ നീതിപീഠങ്ങളിൽ ഇതൊരു ചെറിയ ചലനമെങ്കിലും ഉണ്ടാക്കുന്നുണ്ടോ? വരുന്ന സെപ്റ്റംബർ 13-ന്, ഈ അടഞ്ഞ മതിലുകൾക്കുള്ളിൽ ഞാൻ ആറ് വർഷം പൂർത്തിയാക്കുകയാണ്!

പുലർച്ചെ 03:00 AM

ഉറക്കം എന്നോട് പിണങ്ങിയിറങ്ങിപ്പോകുന്നതോടെ ഞാനെന്റെ പെൻസിലെടുക്കും. അനേകായിരം ജീവിതങ്ങൾ കണ്ട് മടുത്ത, കറപിടിച്ച ഭിത്തിയിൽ അത്രയേറെ പ്രിയപ്പെട്ട വരികൾ കോറിയിടും. ഇന്ന് രാത്രി, 'കോൾഡ് പ്ലേ' പാട്ടിലെ വരികളെഴുതണമെന്ന് തോന്നി: "ഇതത്ര എളുപ്പമായിരിക്കുമെന്ന് ആരും പറഞ്ഞിരുന്നില്ല; പക്ഷേ, ഇത്രമേൽ കഠിനമായിരിക്കുമെന്നും ആരും മുന്നറിയിപ്പ് തന്നിരുന്നില്ല..."

പുലർച്ചെ 05:30 AM

ഒടുവിൽ, മനസും ശരീരവും തളർന്ന് വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോഴേക്കും, അതാ പുറത്തുനിന്ന് പതിവുപോലെ ശബ്ദം മുഴങ്ങും.. ഈ കല്ലറയ്ക്കുള്ളിൽ ഞാൻ ശ്വാസമെടുക്കുന്നുണ്ടെന്നറിയിക്കാൻ, ഇരുമ്പഴികൾക്കിടയിലൂടെ ഒരിക്കൽ കൂടി ഞാനെന്റെ കൈ വെളിയിലേക്കിടും...

(സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവെച്ച വിവരങ്ങളിൽനിന്ന് ക്രോഡീകരിച്ചെടുത്ത വിവരങ്ങളിൽ നിന്ന് ദി ക്വിന്‍റ് തയ്യാറാക്കിയ വീഡിയോയുടെ സംഗ്രഹം)

അധികാരകേന്ദ്രങ്ങളോട് ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും സ്വതന്ത്ര മാധ്യമപ്രവർത്തനം അത്യാവശ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ദി ക്വിന്‍റ് വീഡിയോ അവസാനിപ്പിക്കുന്നത്. വിചാരണാതടവുകാരനായി ആറ് വർഷങ്ങൾ പൂർത്തിയാക്കുന്ന ഉമർ ഖാലിദിന്‍റെ മോചനത്തിനായി ഇതിനോടകം നിരവധി പേരാണ് ശബ്ദമുയർത്തിയിരിക്കുന്നത്.

ഏറ്റവുമൊടുവിൽ, കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുകയാണെന്ന് സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത പറയുകയുണ്ടായി. ഉമർ ഖാലിദ് കേസിലടക്കം വിചാരണ വൈകിപ്പിച്ച് നടപടിക്രമം തന്നെ ശിക്ഷയാക്കി മാറ്റിയിരിക്കുകയാണെന്നും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പൗരന്മാരുടെ ജീവിതം തകർക്കുമ്പോൾ കോടതികൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത നീതിപീഠങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. എക്സിൽ ഉമറിന്‍റെ മോചനത്തിനായി വിവിധ വിദ്യാർഥി സംഘടനകളും ക്യാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്.

2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News