'മാധ്യമപ്രവർത്തകരെ മൈക്ക് കെട്ടി തെറിവിളിക്കാൻ അനുവദിക്കണം'; മജിസ്‌ട്രേറ്റിന് കത്തെഴുതി യു.പി സ്വദേശി

യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ പ്രതീക് സിൻഹയാണ് ആവശ്യവുമായി സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ സമീപിച്ചിരിക്കുന്നത്

Update: 2024-01-14 10:41 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: മാധ്യമപ്രവർത്തകരെ തെറിപറയാൻ അനുമതി തേടി ഉദ്യോഗസ്ഥരെ സമീപിച്ച് ഉത്തർപ്രദേശ് സ്വദേശി. യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ പ്രതീക് സിൻഹയാണു വിചിത്രകരമായ ആവശ്യവുമായി രംഗത്തെത്തിയത്. ഒരു പ്രാദേശിക പത്രത്തിന്റെ ഓഫിസിനു മുന്നിലെത്തി രണ്ടു മണിക്കൂർ മൈക്ക് കെട്ടി പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.

സർക്കാർ ഭൂമി അനധികൃതമായി കൈയേറിയെന്ന് ആരോപിച്ച് പ്രതീകിനെതിരെ ഒരു യു.പി മാധ്യമം കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഭൂമാഫിയയാണ് പ്രതീക് എന്നായിരുന്നു ആരോപണം. ഭൂമി കൈയേറ്റം ഉന്നയിച്ച് ഇദ്ദേഹത്തിന്റെ സ്ഥലത്ത് കഴിഞ്ഞ ദിവസം സർക്കാർ അധികൃതർ ബുൾഡോസറുമായി എത്തി നിരപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമവാർത്ത.

എന്നാൽ, സർക്കാർ വൃത്തങ്ങളുടെ നടപടി അന്യായമാണെന്നു വാദിച്ച പ്രതീക് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമത്തിനെതിരെയും രംഗത്തെത്തി. ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ചതെന്ന് ഇദ്ദേഹം സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിന്(എസ്.ഡി.എം) എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. ജനുവരി 15ന് മാധ്യമസ്ഥാപനത്തിനു മുന്നിൽ മൈക്ക് ഉപയോഗിച്ച് പ്രതിഷേധിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. ഇതോടൊപ്പം ബ്യൂറോ ചീഫിനെയും വാർത്ത നൽകിയ റിപ്പോർട്ടറെയും രണ്ടു മണിക്കൂർ തെറി വിളിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധത്തിനപ്പുറം അക്രമപ്രവർത്തനങ്ങളിലേക്കൊന്നും നീങ്ങില്ലെന്ന് കത്തിൽ ഉറപ്പും നൽകിയിട്ടുണ്ട്. ഇവർക്കെതിരെ ഷൂ എറിയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നായിരുന്നു പ്രതീക് വ്യക്തമാക്കിയത്. കത്തിന്റെ പകർപ്പ് പുറത്തെത്തിയിട്ടുണ്ടെങ്കിൽും ഇതിനോട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണു വിവരം.

Summary: UP man seeks permission to abuse Newspaper and media persons for two hours

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News