പെഗാസസ് ഫോൺ ചോര്‍ത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍

സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കൂർ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.

Update: 2021-07-26 08:50 GMT
Advertising

പെഗാസസ് ഫോൺ ചോര്‍ത്തൽ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കൂർ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യയും സമിതിയിലുണ്ട്. 

അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം, ഫോ൪ബിഡൻ സ്റ്റോറീസും ആംനസ്റ്റി ഇന്റ൪നാഷണലും പുറത്തുവിട്ട ഫോൺ ചോ൪ത്തലിന് ഇരയായേക്കാവുന്നവരുടെ പുതിയ പട്ടിക ദി വയർ പുറത്തുവിട്ടു. ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ച മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥൻ മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി വരെയുള്ളവരുടെ ഫോണുകൾ ചോർത്തിയതായാണ് റിപ്പോർട്ട്. അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.കെ ജെയിനും നീതി ആയോഗിലെ മുതി൪ന്ന ഉദ്യോഗസ്ഥനും പട്ടികയിലുണ്ട്.

മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം, മകൻ കാ൪ത്തി ചിദംബരം എന്നിവരുൾപ്പെട്ട എയ൪സെൽ മാക്സിസ് കേസ്, ടു ജി സ്പെക്ട്രം അഴിമതി കേസ്, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് തുടങ്ങി നി൪ണായകമായ നിരവധി കേസുകൾ കൈകാര്യം ചെയ്തിരുന്ന രാജേശ്വ൪ സിങിന്റെ ഫോൺ 2017 മുതൽ 2019 വരെ ചോ൪ത്തലിന് വിധേയമായെന്നാണ് വിവരം.  മുൻ സി.ബി.ഐ ഡയരറക്ട൪ അലോക് കുമാ൪ വ൪മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാജേശ്വ൪ സിങിന്റെ കാര്യത്തിൽ ബി.ജെ.പിക്ക് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.കെ ജെയിന്റെ ഫോൺ ചോ൪ത്തിയത് 2018ലാണ്. ആംആദ്മി പാ൪ട്ടി എം.എൽ.എമാരും ഡൽഹി ചീഫ് സെക്രട്ടറിയും തമ്മിൽ സംഘ൪ഷമുണ്ടായതിന് പിന്നാലെയാണ് നടപടി. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ട൪ സെക്രട്ടറി, നീതി ആയോഗിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ എന്നിവരും പട്ടികയിലുണ്ട്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News