സുള്ളി ഡീൽസ് ആപ്പിന്‍റെ മുഖ്യസൂത്രധാരനായ ഓംകാരേശ്വർ ഠാക്കൂര്‍ ആരാണ്?

കഴിഞ്ഞവര്‍ഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സുള്ളി ഡീല്‍സ് ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചത്. സംഭവം വിവാദമായതോടെ അന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല

Update: 2022-01-10 01:56 GMT
Editor : ubaid | By : Web Desk

രാജ്യത്തെ പ്രമുഖ മുസ്​ലിം സ്ത്രീകളെ ഓൺലൈനിൽ 'വിൽപനക്ക് വെച്ചിരുന്ന' സുള്ളി ഡീൽസ് ആപ്പിന്‍റെ മുഖ്യസൂത്രധാരന്‍ ഓംകാരേശ്വർ ഠാക്കൂറിനെ (25) ഡൽഹി പൊലീസ് സ്പെഷൽ സെൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സുള്ളി ഡീൽസ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്ണോയ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഇന്ദോറിൽനിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. 2021 ജൂലൈയിൽ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ സുള്ളി ഡീൽസ് ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വർ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Advertising
Advertising

കഴിഞ്ഞവര്‍ഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സുള്ളി ഡീല്‍സ് ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ചത്. സംഭവം വിവാദമായതോടെ അന്ന് പോലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ ബുള്ളി ഭായ് എന്ന പേരിലുള്ള ആപ്പിലും മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ച സംഭവമുണ്ടായി. ബുള്ളി ഭായ് ആപ്പിനെ സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നു. ഇതോടെ വിപുലമായ അന്വേഷണം നടക്കുകയും ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിടിയിലാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നേരത്തെ രജിസ്റ്റര്‍ ചെയ്ത സുള്ളി ഡീല്‍സ് കേസിലും ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 



ആരാണ് ഓംകാരേശ്വർ ഠാക്കൂര്‍?

ഓംകാരേശ്വർ ഠാക്കൂര്‍ ഇന്ദോറിലെ ഐ.പി.എസ് അക്കാദമിയില്‍ നിന്ന് 2018-ൽ ബി.സി.എ പൂര്‍ത്തിയാക്കി. ബി.സി.എ പാസായതിന് ശേഷം വീട്ടിലിരുന്ന് വെബ് ഡിസൈനിംഗ് ചെയ്യുകയായിരുന്നു എന്നാണ് അച്ഛന്‍ പറയുന്നത്. ഇന്ദോറിലെ ന്യൂയോര്‍ക്ക് സിറ്റി ടൗണ്‍ഷിപ്പിലാണ് താമസം. 

2020 ജനുവരിയില്‍ ഇയാള്‍ 'ട്രേഡ് മഹാസഭ' എന്ന ട്വിറ്റര്‍ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. മുസ്ലീം സ്ത്രീകളെ എങ്ങനെ പരിഹസിക്കാം എന്നതായിരുന്നു ഈ ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച. സുള്ളി ഡീല്‍സ് ആപ്പ് നിര്‍മിച്ചതിന് പിന്നാലെ ഈ ട്വിറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ കൈമാറിയതെന്നും പോലീസ് പറഞ്ഞു. ഗിറ്റ്ഹബ്ബില്‍ സുള്ളി ഡീല്‍സ് ആപ്പ് നിര്‍മിച്ച ശേഷം ഇത് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സുള്ളി ഡീല്‍സിനെതിരേ പരാതി ഉയരുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെ ഠാക്കൂര്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News