ആരാണ് 'യഥാര്‍ഥ' എന്‍.സി.പി? പാര്‍ട്ടി പിടിക്കാന്‍ ഇരുവിഭാഗവും പോരുതുടങ്ങി

പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് അജിത് പവാർ

Update: 2023-07-03 07:52 GMT

മുംബൈ: പിളര്‍പ്പിന് പിന്നാലെ പാര്‍ട്ടി പിടിക്കാന്‍ പോരുതുടങ്ങി എന്‍.സി.പിയിലെ ഇരുവിഭാഗവും. അജിത് പവാർ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരത് പവാർ പക്ഷം സ്പീക്കർക്ക് കത്ത് നൽകി. യഥാർഥ എൻ.സി.പി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് അജിത് പവാർ.

എൻ.സി.പിയുടെ പിളർപ്പിന് ശേഷമുള്ള ശരത് പവാറിന്‍റെ ആദ്യ പൊതുപരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അജിത് പവാർ ഉൾപ്പെടെ പാർട്ടി വിട്ട നേതാക്കന്മാരുടെ ചിത്രങ്ങളും ബാനറുകളും എൻ.സി.പി ഓഫീസിൽ നിന്നും രാവിലെ തന്നെ എടുത്ത് മാറ്റി. അജിത് പവാറിനെ നിയമപരമായി നേരിടുകയില്ലെന്നും ജനം മറുപടി നൽകട്ടെയെന്നുമാണ് ശരത് പവാർ ഇന്നലെ പറഞ്ഞതെങ്കിലും ഇന്ന് രാവിലെ അയോഗ്യതാ നോട്ടീസ് നൽകി. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എം.എൽ.എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സ്‌പീക്കർക്ക് കത്ത് നൽകി. തിരികെ വരാൻ ഒരവസരം നൽകുകയാണെന്നും മടങ്ങി വന്നില്ലെങ്കിൽ നടപടിയെടുക്കുമെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. വിമത നീക്കം മഹാരാഷ്ട്രയിലെ ജനങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ശരത് പവാർ.

Advertising
Advertising

കൂടെ നിൽക്കുന്ന എം.എൽ.എ, എം.എൽ.സി, എംപിമാർ ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ യോഗം ശരത് പവാർ ബുധനാഴ്ച വിളിച്ചുചേർത്തു. എൻ.സി.പിയുടെ പേരും ക്ലോക്ക് ചിഹ്നവുമാണ് അജിത് പവാർ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുക. അഥവാ ലഭിച്ചില്ലെങ്കിൽ ചിഹ്നം മരവിപ്പിക്കാൻ ആവശ്യപ്പെടും. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അജിത് പവാറിന് പകരം ജിതേന്ദ്ര അവാദിനെ ശരത് പവാർ പക്ഷം മുന്നോട്ട് വെച്ചതിൽ കോൺഗ്രസിന് എതിർപ്പുണ്ട്. 54 സീറ്റ് ഉണ്ടായിരുന്ന എൻസിപി പിളർന്നതിനാൽ 44 സീറ്റുള്ള കോൺഗ്രസിന് ഇനി പ്രതിപക്ഷ നേതൃസ്ഥാനം വേണം എന്നാണ് ആവശ്യം. മുന്നണിയിലെ ഏറ്റവും വലിയ കക്ഷി കോൺഗ്രസ് ആണെന്നു ചൂണ്ടിക്കാട്ടിയാണ് കസേര ചോദിക്കുന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News