'രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ നേതാവ്'; ആരാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞ ശ്യാമപ്രസാദ് മുഖർജി
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മോദി ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജി രാജ്യത്തിന് വേണ്ടി ജീവൻ നൽകിയെന്ന് വിശേഷിപ്പിച്ചത്.
ന്യൂഡൽഹി: ശ്യാമപ്രസാദ് മുഖർജി രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മോദി ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജി രാജ്യത്തിന് വേണ്ടി ജീവൻ നൽകിയെന്ന് വിശേഷിപ്പിച്ചത്. നെഹ്‌റു മന്ത്രിസഭയിൽ അംഗമായിരുന്ന മുഖർജിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് സംഘ്പരിവാർ ആരോപണം.
1929 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന ശ്യാമപ്രസാദ് മുഖർജി ഹിന്ദു മഹാസഭയിലും അംഗമായിരുന്നു. ഗാന്ധി വധത്തെ തുടർന്ന് ഹിന്ദു മഹാസഭ വിട്ട മുഖർജിയെ 1948ൽ നെഹ്‌റു തന്റെ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാക്കി. 1950ൽ പാക് പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാനുമായി നെഹ്‌റു ഉണ്ടാക്കിയ കരാറിനോട് വിയോജിച്ച മുഖർജി മന്ത്രി സ്ഥാനം രാജിവെച്ചു. 1951ൽ ബിജെപിയുടെ പൂർവിക സംഘടനയായ ഭാരതീയ ജനസംഘം സ്ഥാപിക്കുന്നത് ശ്യാമപ്രസാദ് മുഖർജിയാണ്.
1930ൽ തന്നെ തീവ്ര ദേശീയതാ വാദത്തിന്റെ വക്താവായി ശ്യാമപ്രസാദ് മുഖർജി അറിയപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ നെഹ്‌റുവുമായി മുഖർജിക്ക് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 1951ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ ടിക്കറ്റിൽ ജയിച്ചുകയറിയ മൂന്ന് പാർലമെന്റ് അംഗങ്ങളിൽ ഒരാൾ മുഖർജിയായിരുന്നു. കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370ന് എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ആളാണ് മുഖർജി.
കശ്മീരിലേക്ക് പ്രവേശിക്കണമെങ്കിൽ പ്രത്യേക അനുമതി വേണമെന്ന നിയമം ഒരു കാരണവശാലും പാലിക്കില്ലെന്ന നിലപാടായിരുന്നു മുഖർജിക്ക്. ഇതിൽ പ്രതിഷേധിച്ച് 1953 മേയ് 11ന് പെർമിറ്റില്ലാതെ കശ്മീരിൽ പ്രവേശിച്ചു. ശൈഖ് അബ്ദുല്ല ആയിരുന്നു അന്ന് കശ്മീർ മുഖ്യമന്ത്രി. പെർമിറ്റില്ലാതെ കശ്മീരിൽ പ്രവേശിച്ച മുഖർജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40 ദിവസം അദ്ദേഹം തടവിൽ കഴിഞ്ഞ അദ്ദേഹത്തെ ജൂൺ 22ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ശ്യാമപ്രസാദ് മുഖർജിയുടെ മരണം നെഹ്‌റു ആസൂത്രിതമായി നടപ്പാക്കിയതാണ് എന്നാണ് സംഘ്പരിവാർ ആരോപിക്കുന്നത്. 2018 ജൂൺ 24ന് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) നടത്തിയ സെമിനാർ ശ്യമപ്രസാദ് മുഖർജി കൊല്ലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
മുഖർജി കൊല്ലപ്പെട്ടതാണെന്നതിന് തെളിവുകളുണ്ട്. ശ്രീനഗറിലാണോ ഡൽഹിയിലാണോ അത് ആസുത്രണം ചെയ്തത്? ശൈഖ് അബ്ദുല്ലയാണോ നെഹ്‌റുവാണോ അതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന് മാത്രമാണ് അറിയാനുള്ളത് എന്നാണ് അന്ന് ജമ്മു കശ്മീർ സ്റ്റഡി സെന്റർ അധ്യക്ഷനായ ലാൽ കൗൾ പറഞ്ഞത്.
മുഖർജിയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുമ്പോഴും അധികാരത്തിലെത്തിയ ബിജെപി സർക്കാരുകൾ ഇത് സംബന്ധിച്ച് അന്വേഷണത്തിന് പ്രത്യേക താൽപര്യമെടുത്തിട്ടില്ല. 2021ൽ മുഖർജിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ കൊൽക്കത്ത ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. മുഖർജിയുടെ മരണം വിരമിച്ച ചീഫ് ജസ്റ്റിസ് അന്വേഷിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് കോടതി നോട്ടീസയച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ വൈ.ജി ദസ്തൂർ, അഭിഭാഷകരായ ഫിറോസെ എദൂജി, അമൃത പാണ്ഡെ എന്നിവരാണ് കേന്ദ്ര സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായത്. മരണത്തിൽ ദുരൂഹതയുള്ളതിന് എന്തെങ്കിലും തെളിവ് നൽകാൻ കേന്ദ്ര സർക്കാരിനും കഴിഞ്ഞിരുന്നില്ല.
ഇതിനെ തുടർന്ന് കോടതി ഹരജി തള്ളി. 70 വർഷം മുമ്പ് നടന്ന ഒരു മരണത്തിലെ ദുരൂഹ സംബന്ധിച്ച് എന്തെങ്കിലും രേഖകളോ അതിലേക്ക് വെളിച്ചം വീശുന്ന വ്യക്തികളോ ഇല്ലാത്തതിനാൽ അത് സംബന്ധിച്ച് ഇപ്പോൾ അന്വേഷണം നടത്തുന്നതിൽ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.