എന്‍റെ ചോദ്യങ്ങൾക്ക് മറുപടിയില്ല, പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു: രാഹുല്‍ ഗാന്ധി

സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി

Update: 2023-02-08 16:16 GMT

രാഹുല്‍ ഗാന്ധി

ഡല്‍ഹി: തന്‍റെ പരാമര്‍ശങ്ങള്‍ ലോക്സഭാ രേഖകളില്‍ നിന്ന് നീക്കിയതിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അദാനിയുമായി ബന്ധപ്പെട്ട തന്‍റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

"എന്‍റെ വാക്കുകള്‍ എന്തുകൊണ്ടു നീക്കി? എന്‍റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകിയില്ല. ഞാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊന്നും ​അദ്ദേഹത്തോട് ചോദിച്ചില്ല. അദാനിയുമായുള്ള ബന്ധത്തെ കുറിച്ചാണ് ചോദിച്ചത്. അദാനി സുഹൃത്ത് അല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കുമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഒരിടത്ത് പോലും അദാനിക്കെതിരായ അന്വേഷണത്തെ കുറിച്ച് പരാമർശമില്ല. പ്രതിരോധ മേഖലയിലെ ഷെല്‍ കമ്പനികളെ കുറിച്ചും മൗനം പാലിക്കുകയാണ്"- രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertising
Advertising

അദാനിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു. ഇത് ദേശീയ സുരക്ഷയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നമാണ്. അത് പരിശോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം ലോക്‌സഭയിൽ ഉയർത്തിക്കാട്ടിയാണ് ഇന്നലെ രാഹുൽ പ്രസംഗിച്ചത്. 2014 മുതൽ അദാനിയുടെ ആസ്തി പല മടങ്ങ് വർധിച്ചു. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിയുമായി മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ ബന്ധമുണ്ട്. അദാനിക്കായി മോദി സര്‍ക്കാര്‍ വിദേശ നയങ്ങള്‍ മാറ്റിയെന്നും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അദാനിക്കുവേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ന് രാഹുല്‍ ഗാന്ധിയുടെ പേരു പരാമര്‍ശിക്കാതെ നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. വെറുപ്പിന്‍റെ രാഷ്ട്രീയം പുറത്തുവന്നു. ചിലർ നിരാശരാണ്. നിരാശയ്ക്ക് കാരണം അവർക്കെതിരായ തുടർച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണ്. ചിലർ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ താൻ രാജ്യത്തെയാണ് രക്ഷിക്കുന്നതെന്നും 140 കോടി ജനങ്ങളാണ് തന്റെ രക്ഷാകവചമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യു.പി.എയുടെ 10 വർഷം ഭീകരവാദത്തിന്റേതായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2004 മുതൽ 2014 വരെ അഴിമതിയുടെ കാലമായിരുന്നു. രാജ്യം ഇപ്പോള്‍‌ നിർമാണ ഹബ്ബായി മാറി. നിരാശരായ ചിലർ രാജ്യം കൈവരിച്ച നേട്ടങ്ങളെ സ്വീകരിക്കാൻ തയ്യാറല്ല. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചില നേതാക്കൾ രാഷ്ട്രപതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കോൺഗ്രസ് നയപ്രഖ്യാപന പ്രസംഗത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ല. നയസ്തംഭനത്തിൽ നിന്നും കുംഭകോണങ്ങളിൽ നിന്നും രാജ്യം മുക്തമാവുകയാണ്. മഹാമാരിക്കാലത്ത് ഇന്ത്യ അഭിമാനത്തോടെ നിലകൊണ്ടു. വെല്ലുവിളികളില്ലാതെ ജീവിതമില്ല. വെല്ലുവിളികൾ വന്നുകൊണ്ടിരിക്കും. ലോകമാകെ പ്രതിസന്ധിയിലാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News