ഹൃദയ ശസ്ത്രക്രിയക്കിടെ കുഞ്ഞിന് ജന്മം നൽകി അമ്മ; അപൂർവമെന്ന് ഡോക്ടർമാർ

പൂർണ ഗർഭിണിയായിരിക്കുമ്പോഴാണ് 27 കാരിക്ക് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുന്നത്

Update: 2023-02-19 08:30 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്നൗ: ഹൃദയ ശസ്ത്രക്രിയക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് അതിസങ്കീർണമായ ശസ്ത്രക്രിയ നടന്നത്. ഡോക്ടർമാർ രോഗിയുടെ ഹൃദയ ശസ്ത്രക്രിയയും സിസേറിയനും വിജയകരമായി നടത്തുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്ന് ആശുപത്രി വക്താവ് ഡോ.സുധീർ സിംഗ് പറഞ്ഞു. ഉത്തർ പ്രദേശിൽ ആദ്യമായാണ് ഗർഭിണിക്ക് വേണ്ടി ഇത്തരമൊരു സങ്കീർണ്ണമായ ശസ്ത്രക്രിയ നടക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. പൂർണ ഗർഭിണിയായിരിക്കുമ്പോഴാണ് 27 കാരിക്ക് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുന്നത്. കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്നതിനാൽ പല ആശുപത്രികളും കൈയൊഴിഞ്ഞെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. 

പ്രസവം നടക്കുമ്പോഴും അനസ്‌തേഷ്യ നൽകിയാലോ ഗർഭിണികൾ തളർന്നുപോകും. ഈ അവസ്ഥയിൽ മേജർ ഹൃദയ ശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കില്ല.ഈ കാരണത്താലാണ് പല ആശുപത്രികളും ശസ്ത്രിക്രിയ ചെയ്യാൻ മടിച്ചതെന്ന് കെജിഎംയു ആശുപത്രി അധികൃതർ പറയുന്നു. തുടർന്നാണ് യുവതിയെ കെജിഎംയുവിലേക്ക് റഫർ ചെയ്യുന്നത്. സിസേറിയനും ഹൃദയശസ്ത്രക്രിയയും ഒരുമിച്ച് ചെയ്യുമ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവനും ഭീഷണിയാണ്. എന്നാൽ ഗൈനക്കോളജി വിദഗ്ധർ,കാർഡിയാക് അനസ്‌തെറ്റിസ്റ്റുകൾ, കാർഡിയാക് സർജന്മാർ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ യുവതിക്ക് അനസ്‌തേഷ്യ നൽകി ഒരേസമയം സിസേറിയനും ഹൃദയശസ്ത്രക്രിയയും ചെയ്യുകയായിരുന്നെന്ന് കാർഡിയാക് വിഭാഗം തലവൻ പ്രൊഫ.എസ്.കെ സിങ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News