കിബുവിന് പകരം ആശാനെത്തി; ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാൻ സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച്

കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ

Update: 2021-06-05 06:05 GMT
Editor : abs | By : Sports Desk

കൊച്ചി: പുതിയ കോച്ചിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം. സെർബിയൻ ഇവാൻ വുകോമാനോവിച്ചുമായാണ് ക്ലബ് രണ്ടു വർഷത്തെ കരാറിലെത്തിയത്. ബൽജിയൻ വമ്പന്മാരായ സ്റ്റാൻഡേർഡ് ലീഗെയുടെ ഹെഡ് കോച്ചായിരുന്നു ഇവാൻ. കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് ക്ലബ് വിട്ട കിബു വിക്കുനയ്ക്ക് പകരമായാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. 

ഇവാൻ വുകോമാനോവിച്ചിന്റെ കരിയർ

43കാരനായ ഇവാൻ കോച്ചിങ് കരിയർ ആരംഭിക്കുന്നത് ബൽജിയൻ പ്രോ ലീഗ് ക്ലബ് സ്റ്റാൻഡേഡ് ലിഗെയ്‌ക്കൊപ്പമാണ്. അസിസ്റ്റന്റ് കോച്ചായി ആയിരുന്നു തുടക്കം. ഇക്കാലയളവിൽ യൂറോപ്പ ലീഗ് കളിച്ചിട്ടുണ്ട് ലിഗെ. 2014 ഒക്ടോബറിൽ ഹെഡ് കോച്ചായി. 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളിൽ ക്ലബിനെ പരിശീലിപ്പിച്ചു.

Advertising
Advertising

ഇക്കാലത്ത് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ സെവിയ്യയ്‌ക്കെതിരെ ടീം ഗോൾ രഹിത സമനില നേടിയിരുന്നു. ഹെഡ് കോച്ചായ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.

2016ൽ സ്ലോവാക് സൂപ്പർ ലീഗാ ക്ലബ് ആയ സ്ലോവാൻ ബ്രാറ്റിസ്ലാവയുടെ കോച്ചായി ചുമതലയേറ്റു. 2016-17 സീസണിൽ 34 കളികളിൽ നിന്ന് വെറും എട്ടു കളികൾ മാത്രമാണ് ടീം തോറ്റത്. ലീഗിൽ ക്ലബ് രണ്ടാമതെത്തുകയും ചെയ്തു. തോൽവിയേറ്റു വാങ്ങാതെ ക്ലബിനെ സ്ലോവാക് കപ്പ് ജേതാക്കളാക്കുകയും ചെയ്തു. അടുത്ത സീസണിൽ 22 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രാണ് ടീം തോറ്റത്. 2017ൽ എഫ്‌സി സെനിക്കയുമായുള്ള മത്സരത്തിന് പിന്നാലെ ക്ലബുമായി വഴിപിരിഞ്ഞു.

രണ്ടു വർഷത്തിന് ശേഷം സൈപ്രസ് ടോപ് ഡിവിഷൻ ക്ലബായ അപ്പോളൻ ലിമാസ്സലിന്റെ കോച്ചായി. നാലു മത്സരങ്ങളിൽ മാത്രമേ ക്ലബിനെ പരിശീലിപ്പിച്ചുള്ളൂ. ആ ടീമിൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം ഫാക്കുണ്ടോ പെരേരയും ഉണ്ടായിരുന്നു. 2019 ഒക്ടോബർ മുതൽ ഇവാൻ ഒരു ക്ലബിനെയും പരിശീലിപ്പിക്കുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ.

കളിക്കാരൻ എന്ന നിലയിൽ 250ലേറെ മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട് ഈ സെർബിയക്കാരൻ. സ്ലോബോദാ ക്ലബിലൂടെയായിരുന്നു അരങ്ങേറ്റം. ഫ്രഞ്ച് ലീഗിലെ ബോർഡക്‌സ്, ബുണ്ടസ് ലീഗയിലെ എഫ്‌സി കൊലോൺ, ബൽഗ്രേഡിലെ റെഡ് സ്റ്റാർ, റഷ്യയിലെ ഡൈനാമോ സ്പാർടക് തുടങ്ങി വിവിധ ക്ലബുകൾക്കായി കളിച്ച അനുഭവ സമ്പത്തുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർബാക്കായുമാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം ഡിപ്പാർട്‌മെന്റായ ഡിഫൻസിൽ സെർബിയക്കാരന്റെ കൈയിൽ മരുന്നുണ്ടെന്ന് കരുതാം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പുകൾ

കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശേഷം വലിയ മാറ്റങ്ങൾക്കാണ് ക്ലബ് കാതോർക്കുന്നത്. മിക്ക വിദേശതാരങ്ങളുമായും ക്ലബ് വഴി പിരിയുമെന്നാണ് സൂചനകൾ. ചില ആഭ്യന്തര കളിക്കാരെയും ഒഴിവാക്കും. സഞ്ജീവ് സ്റ്റാലിൻ, റൂവാഹ് ഹോർമിപം, വിൻസി ബരറ്റോ, ഹർമൻജോത് ഖബ്രി എന്നിവരുമായി ടീം കരാർ ഒപ്പിട്ടിട്ടുണ്ട്. കൂടുതൽ കളിക്കാരെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയുമാണ്.

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News