മുടക്കിയത് 1.45 കോടി; ഐബനു വേണ്ടി കരോലിസിന്റെ മാസ്റ്റർ ക്ലാസ്

മറ്റു രണ്ട് ഇന്ത്യന്‍ കളിക്കാര്‍ കൂടി സ്പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസിന്‍റെ പദ്ധതിയിലുണ്ടായിരുന്നു

Update: 2023-08-30 08:17 GMT
Editor : abs | By : Web Desk
Advertising

എഫ്‌സി ഗോവയിൽ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് റാഞ്ചിയ ഡിഫൻഡർ ഐബൻ ഡോഹ്‌ലിങിന് വേണ്ടി കേരള ക്ലബ് മുടക്കിയത് ഏകദേശം 1.45 കോടി രൂപ. ഗോവയുമായി ബഹുവർഷ കരാറുള്ള താരത്തെ റിലീസ് ചെയ്യാനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്രയും തുക മുടക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു വർഷത്തേക്കാണ് താരവുമായുള്ള കരാർ.

ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന തകർപ്പൻ നീക്കമായാണ് ഐബനുമായുള്ള കരാറെന്ന് ഫുട്‌ബോൾ പണ്ഡിതർ വിലയിരുത്തുന്നു. ഇടതു ബാക്ക് പൊസിഷനിലേക്ക് ഐബനു പുറമേ, ചെന്നൈയിൻ എഫ്‌സിയുടെ ആകാശ് സാങ്‌വാൻ, മോഹൻബഗാൻ സൂപ്പർ ജെയ്ന്റ്‌സിന്റെ സുഭാശിഷ് ബോസ് എന്നിവരെയാണ് സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പരിഗണിച്ചിരുന്നത്. അതതു ക്ലബുകളുമായി കരാറുള്ള കളിക്കാരായതു കൊണ്ടു തന്നെ ട്രാൻസ്ഫർ ദുഷ്‌കരമായിരുന്നു. നല്ല വില കിട്ടിയതോടെ ഐബനെ കൈമാറാൻ എഫ്‌സി ഗോവ സന്നദ്ധമാകുകയായിരുന്നു. 



ആദ്യഘട്ടത്തിൽ ഒരു കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്തിരുന്നത്. ഗോവ ഓഫർ നിരസിക്കുകയായിരുന്നു. ഒന്നരക്കോടിയിലെത്തിയതോടെ ഗോവ താരത്തെ വിട്ടുകൊടുക്കാനുള്ള സന്നദ്ധത അറിയിച്ചു. ഗോവയിൽ ഇടതുബാക്കായി കളിച്ചിട്ടുള്ള ഐബൻ സെൻട്രൽ മിഡ്ഫീൽഡറായും കളിപ്പിക്കാവുന്ന താരമാണ്. ഇത്തവണ, പ്രതിരോധത്തിലേക്ക് പരിചയസമ്പന്നരായ പ്രീതം കോട്ടാലിനെയും പ്രബീർദാസിനെയും ബ്ലാസ്റ്റേഴ്‌സ് നേരത്തെ എത്തിച്ചിരുന്നു. 

പരിക്കേറ്റ ജോഷ്വാ സൊറ്റീരിയോയ്ക്ക് പകരമുള്ള ഏഷ്യൻ സൈനിങ്ങാണ് ഇനി ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. ആസ്‌ട്രേലിയൻ മിഡ്ഫീൽഡർ കാലെബ് വാട്‌സിനെ ടീം സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. 21കാരനായ വാട്‌സ് സതാംപ്ടന്റെ അണ്ടർ 21 ടീം അംഗമായിരുന്നു. ക്വാമെ പെപ്ര, ഇമ്മാനുവൽ ജസ്റ്റിൻ, മിലോസ് ഡ്രിൻകിച് എന്നിവരാണ് ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച വിദേശികൾ. 




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News