കാന്തപുരം ഇത്തവണയും ഇടതിനൊപ്പം
പിന്തുണയെക്കുറിച്ചുള്ള പരസ്യപ്രഖ്യാപനങ്ങളോ പ്രചാരണങ്ങളോ ഉണ്ടാവില്ല. ഓരോ മണ്ഡലങ്ങളിലും പിന്തുണക്കുന്ന സ്ഥാനാർഥിയെകുറിച്ച് വോട്ടെടുപ്പിന് അടുത്ത ദിവസങ്ങളിൽ സംഘടനാ ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിക്കും
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം എ.പി സുന്നി വിഭാഗം ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച തന്നെയാണ് കാന്തപുരം വിഭാഗം ആഗ്രഹിക്കുന്നത്. സി.പി.എം നേതാക്കളും കാന്തപുരം ഗ്രൂപ്പിലെ പ്രമുഖരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇരു വിഭാഗവും തമ്മിലുള്ള ധാരണകളായത്. ബി.ജെ.പി ജയിക്കാൻ സാധ്യതയില്ലാത്ത എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനെ പിന്തുണക്കുക എന്നതാണ് നയം. പിന്തുണയെക്കുറിച്ചുള്ള പരസ്യപ്രഖ്യാപനങ്ങളോ പ്രചാരണങ്ങളോ ഉണ്ടാവില്ല. ഓരോ മണ്ഡലങ്ങളിലും പിന്തുണക്കുന്ന സ്ഥാനാർഥിയെകുറിച്ച് വോട്ടെടുപ്പിന് അടുത്ത ദിവസങ്ങളിൽ സംഘടനാ ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിക്കും. കേരളാ മുസ്‌ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നിവയാണ് കാന്തപുരം ഗ്രൂപ്പിലെ താഴെതലം വരെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനങ്ങള്‍. ഈ സംഘടനാ സംവിധാനങ്ങള്‍ വഴിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അണികളിലേക്ക് കൈമാറുക.
എന്തു കൊണ്ട് ഇടതുപക്ഷം?
കഴിഞ്ഞ അഞ്ചുവർഷത്തെ പിണറായി ഭരണം സംഘടനക്കും സമൂഹത്തിനും ഗുണകരമായിരുന്നു എന്ന വിലയിരുത്തലാണ് കാന്തപുരം വിഭാഗത്തിനുള്ളത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടാണ് കാന്തപുരവുമായി ആശയവിനിമയം നടത്തിയിരുന്നത്. സ്ഥാനാർഥി നിർണയത്തിലും കാന്തപുരത്തിന്റെ നിർദേശങ്ങൾ സി.പി.എം കേട്ടു. അന്ന് സംഘടന മുന്നോട്ടുവച്ചിരുന്ന നിരവധി ആവശ്യങ്ങളുണ്ടായിരുന്നു. ആ ആവശ്യങ്ങളിൽ മിക്കതും പിണറായി സർക്കാർ നിർവഹിച്ചു നൽകി എന്നാണ് സംഘടന കരുതുന്നത്. ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി കെട്ടിട നിയമ ചട്ടങ്ങളിൽ മാറ്റം വരുത്തിയ നടപടി ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വഖഫ് ബോർഡ്, വഖഫ് ട്രിബ്യൂണൽ, ഹജ്ജ് കമ്മിറ്റി, ന്യൂനപക്ഷ കോർപറേഷൻ, മദ്രസാ ക്ഷേമനിധി ബോർഡ്, ഓർഫനേജ് കൺട്രോൾ ബോർഡ്, മാപ്പിള കലാ അക്കാദമി, വിവിധ പാഠപുസ്തക സമിതികൾ തുടങ്ങിയവയിൽ അർഹമായ പ്രാതിനിധ്യമാണ് സംഘടനക്ക് ലഭിച്ചതെന്ന് കാന്തപുരം വിഭാഗം കരുതുന്നു.
മഹല്ലുകളിൽ സംഘടനയുടെ സുഗമമായ പ്രവർത്തനം ഏറ്റവും പ്രധാനമായി കാന്തപുരം വിഭാഗം കാണുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷം മഹല്ലുകൾ സമാധാനപരമായിരുന്നു എന്നും ഭരണമാറ്റമുണ്ടായാൽ മഹല്ലുകൾ വീണ്ടും കലുഷിതമാകും എന്നുമുള്ള പ്രചാരണം സോഷ്യൽമീഡിയ വഴി കാന്തപുരം വിഭാഗം പ്രവർത്തകർ നടത്തുന്നുണ്ട്. മുസ്‌ലിം ലീഗ് അധികാരത്തിലിരിക്കുമ്പോഴാണ് മഹല്ലുകളില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതെന്നതാണ് കാന്തപുരം വിഭാഗത്തിന്റെ വിലയിരുത്തല്‍. ഏറെ പതിറ്റാണ്ടുകളായി ശത്രുതയോടെ കഴിഞ്ഞിരുന്ന ഇരുവിഭാഗം സുന്നികളും തമ്മിൽ ഐക്യചർച്ചകൾ സജീവമാകുകയും ഒരു മേശക്ക് ചുറ്റുമിരിക്കുകയും ചെയ്തത് ഈ അഞ്ചുവർഷത്തിനിടെയായിരുന്നു. മലപ്പുറത്തെ മുടിക്കോട് മസ്ജിദടക്കം പൂട്ടിക്കിടന്നിരുന്ന പല പള്ളികളിലും തർക്കം പരിഹരിക്കാൻ ഈ ചർച്ചകൾക്കായി. സുന്നി ഗ്രൂപ്പുകള്‍ക്കിടയില്‍ പിണറായി സര്‍ക്കാര്‍ പക്ഷം പിടിച്ചില്ല എന്ന വിലയിരുത്തലാണ് സംഘടനക്കുള്ളത്. ഭരണത്തുടർച്ച ഉണ്ടായാൽ മാത്രമേ ഈ മഹല്ലുകളിലെ സമാധാനാന്തരീക്ഷം നിലനിർത്താനാകൂ എന്നാണ് കാന്തപുരം വിഭാഗം കരുതുന്നത്.
വഖഫ് ബോർഡ്, വഖഫ് ട്രിബ്യൂണൽ, ഹജ്ജ് കമ്മിറ്റി, ന്യൂനപക്ഷ കോർപറേഷൻ, മദ്രസാ ക്ഷേമനിധി ബോർഡ്, ഓർഫനേജ് കൺട്രോൾ ബോർഡ്, മാപ്പിള കലാ അക്കാദമി, വിവിധ പാഠപുസ്തക സമിതികൾ തുടങ്ങിയവയിൽ അർഹമായ പ്രാതിനിധ്യമാണ് സംഘടനക്ക് ലഭിച്ചതെന്ന് കാന്തപുരം വിഭാഗം കരുതുന്നു
രാഷ്ട്രീയ നേട്ടത്തിനും ഭരണത്തുടര്‍ച്ചക്കുമായി സി.പി.എം മുസ്‍ലിം വിരുദ്ധത ആയുധമാക്കുന്നുവെന്ന, മുസ്‍ലിം സംഘടനകള്‍ പൊതുവെ ഉന്നയിക്കുന്ന വിമര്‍ശനത്തെ കാന്തപുരം വിഭാഗം പൂര്‍ണമായി അംഗീകരിക്കുന്നില്ല. സി.പി.എം സെക്രട്ടറി എ.വിജയ രാഘവന്റെ പല പരമാര്‍ശങ്ങളോടും അവര്‍ക്ക് വിയോജിപ്പുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ മൊത്തത്തിലുള്ള നിലപാടിന്റെ ഭാഗമല്ല എന്ന വിലയിരുത്തലാണ് സംഘടനക്കുള്ളത്. സി.പി.എം സമ്പൂര്‍ണമായും ഒരു ഇസ്‍ലാമോഫോബിക് പാര്‍ട്ടിയാണ് എന്ന കാഴ്ചപ്പാട് സംഘടന അംഗീകരിക്കുന്നില്ല. എന്നാല്‍ അങ്ങിനെയൊരു പ്രതീതി സൃഷ്ടിക്കുന്നതില്‍ ജമാഅത്തെ ഇസ്‍ലാമിയുടെ പ്രചാരണ സന്നാഹങ്ങളാണ് പങ്ക് വഹിച്ചത് എന്ന വിലയിരുത്തലും കാന്തപുരം വിഭാഗം നേതൃത്വത്തിനുണ്ട്.
ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമ്പോള്‍ തന്നെ അത് പൊതുചര്‍ച്ചക്ക് വിധേയമാക്കാനോ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങാനോ സംഘടന ഉദ്ദേശിക്കുന്നില്ല. എന്നല്ല, സി.പി.എമ്മുമായുള്ള അടുപ്പം സംഘടനാ പ്രവര്‍ത്തകരെ മത, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റാന്‍ ഇടവരുത്തരുത് എന്ന ജാഗ്രതാ സന്ദേശവും നേതൃത്വം അണികള്‍ക്ക് കൈമാറുന്നുണ്ട്. സി.പി.എമ്മുമായുള്ള അടുപ്പത്തിലൂടെ സജീവരായ പല പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ/എസ്.എഫ്.ഐ സംഘടനകളിലേക്ക് കൂടുമാറിയതും മതരിഹത ജീവിതം തെരഞ്ഞെടുത്തതും ഗൗരവത്തോടെയാണ് സംഘടന കാണുന്നത്. എസ്.എസ്.എഫിന്റെ മുഖപത്രമായ രിസാലയില്‍ അടുത്തിടെ വന്ന നിരവധി ലേഖനങ്ങള്‍ മാര്‍ക്‌സിസത്തിനും മതരഹിത കാഴ്ചപ്പാടുകള്‍ക്കുമെതിരായ സൈദ്ധാന്തിക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. 'സി.പി.എമ്മിന് വോട്ട് കൊടുത്താലും മനസ്സ് കൊടുക്കരുത്' എന്നാണ് ഇത് സംബന്ധിച്ച് എസ്.എസ്.എഫിന്റെ ഒരുസംസ്ഥാന നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
ലീഗിലുടക്കി യു.ഡി.എഫിനെതിരെ
കാന്തപുരത്തെ അനുനയിപ്പിക്കാൻകോണ്‍ഗ്രസ്നേതാക്കൾ ഇപ്പോഴും നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്പ് തന്നെ കാന്തപുരം വിഭാഗവുമായി കോൺഗ്രസ് നേതാക്കൾ നിരവധി ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായി മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി സംസാരിച്ചു. കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫ് തങ്ങളോട് കാണിച്ച അവഗണന ഓരോന്നായി നേതാക്കൾ കോൺഗ്രസ് നേതൃത്വത്തോട് വിശദീകരിച്ചു. മുസ്‍ലിം ലീഗ് ഇപ്പോഴും തങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നും ആ നിലപാട് തിരുത്തിയ ശേഷമേ യു.ഡി.എഫിനെ പിന്തുണക്കുന്ന കാര്യത്തിൽ ചർച്ച ചെയ്തിട്ട് കാര്യമുള്ളൂ എന്നുമാണ് കാന്തപുരം വിഭാഗം പറയുന്നത്.
സി.പി.എമ്മുമായുള്ള അടുപ്പം സംഘടനാ പ്രവര്‍ത്തകരെ മത, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റാന്‍ ഇടവരുത്തരുത് എന്ന ജാഗ്രതാ സന്ദേശവും നേതൃത്വം അണികള്‍ക്ക് കൈമാറുന്നുണ്ട്. സി.പി.എമ്മുമായുള്ള അടുപ്പത്തിലൂടെ സജീവരായ പല പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ/എസ്.എഫ്.ഐ സംഘടനകളിലേക്ക് കൂടുമാറിയതും മതരിഹത ജീവിതം തെരഞ്ഞെടുത്തതും ഗൗരവത്തോടെയാണ് സംഘടന കാണുന്നത്.
2018ലെ കാരന്തൂർ മർകസ് സമ്മേളനത്തോടനുബന്ധിച്ച് കാന്തപുരം വിഭാഗത്തെ ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനമെടുത്തിരുന്നു.
ഒരു മതസംഘടനയെ ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനമെടുത്തത് അപൂർവ നടപടിയായിരുന്നു. മുസ്‍ലിം ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയുള്ള ഈ നടപടി അത്ര പെട്ടെന്ന് മറക്കാനാവാത്താതാണെന്ന് കാന്തപുരം വിഭാഗം വിചാരിക്കുന്നു. മര്‍കസ് സമ്മേളനത്തിലേക്ക് ലീഗിന്റെയും കോണ്‍ഗ്രസിന്‍റെയും നേതാക്കളെ അന്ന് ക്ഷണിച്ചിരുന്നു. പങ്കെടുക്കാനാകില്ലെന്ന് ലീഗ് നേതാക്കള്‍ അപ്പോള്‍ തന്നെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും പേരുകള്‍ സമ്മേളന നോട്ടീസില്‍ കൊടുത്തുവെങ്കിലും പങ്കെടുത്തില്ല. അതിന് മുമ്പുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയിരുന്ന ചില കോൺഗ്രസ് എംപിമാർ പോലും സമ്മേളനം ബഹിഷ്കരിച്ചപ്പോൾ കാന്തപുരത്തിനും കോൺഗ്രസിനുമിടയിൽ വലിയ വിള്ളൽ വീണു.
മുസ്‍ലിം സമൂഹത്തിന്റെ പൊതു പ്ലാറ്റ്ഫോമാകേണ്ട മുസ്‍ലിം ലീഗ് സംഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം സജീവമാക്കുകയാണ് എന്ന പ്രചാരണമാണ് ഇതോടെ കാന്തപുരം വിഭാഗം നടത്തിയത്. ഇ.കെ വിഭാഗം സുന്നികളുമായുള്ള ഐക്യ ചർച്ചകൾ ഉയർന്നു വന്നപ്പോഴും അതിനെ തകർക്കാൻ ലീഗ് ശ്രമിച്ചതായി കാന്തപുരം വിഭാഗം ആരോപിക്കുന്നു. പത്തിലധികം തവണ വിവിധ തലങ്ങളിൽ സുന്നി ഐക്യചർച്ചകൾ നടന്നു. ആ ചർച്ചകൾ തുടരാതിരിക്കാൻ സമസ്തയുടെ ചില നേതാക്കളെ ലീഗ് ഇടപെട്ട് മുടക്കിയെന്നും കാന്തപുരം വിഭാഗം കരുതുന്നു. മുസ്‍ലിം ലീഗിന്റെ ഇത്തരം സമീപനങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണമെന്ന നിർദേശം പലതവണ കാന്തപുരം വിഭാഗം കോൺഗ്രസിന് നൽകിയപ്പോഴും മുതിർന്ന കോൺഗ്രസ് നേതാക്കൾ നിസ്സഹായത പ്രകടിപ്പിച്ചു. ഇതു കൂടിയായതോടെ കാന്തപുരം വിഭാഗം പൂർണമായും ഇടതുപക്ഷത്തേക്ക് ചായുകയായിരുന്നു. ഈ അടുത്ത ദിവസങ്ങളിലായി പാണക്കാട് സാദിഖലി തങ്ങളും മറ്റു ചില മുസ്‍ലിം ലീഗ് നേതാക്കളും കാന്തപുരവുമായി ചർച്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കാന്തപുരം വഴങ്ങിയിട്ടില്ല. മുസ്‍ലിം ലീഗും തങ്ങളുടെ സംഘടനയും തമ്മിലുള്ള പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് മുഖത്ത് വെച്ച് മാത്രം ചർച്ച ചെയ്യേണ്ടതല്ല എന്നാണ് കാന്തപുരം കരുതുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാതെ ആത്മാർഥമായി മുസ്‍ലിം ലീഗ് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചാൽ ആ ഘട്ടത്തിൽ മാത്രം അതിനെ കുറിച്ച് ആലോചിക്കാം എന്നാണ് കാന്തപുരത്തിന്റെ ചിന്ത.
എവിടെയൊക്കെ നിർണായകമാകും?
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ തോല്‍വി കാന്തപുരത്തെ എതിര്‍ക്കുന്നവര്‍ വലിയ തോതില്‍ ആഘോഷമാക്കിയിരുന്നു. കാന്തപുരത്തിന്റെ പരസ്യമായ എതിര്‍പ്പുണ്ടായിട്ടും ലീഗ് സ്ഥാനാര്‍ഥി എന്‍.ഷംസുദ്ദീന്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത് കാന്തപുരത്തിന്റെശക്തിയെ പരിഹസിക്കാനുള്ള സന്ദര്‍ഭമായാണ് ലീഗ് ഉപയോഗിച്ചത്. മണ്ണാര്‍ക്കാട് തിരിച്ചടി നേരിട്ടെങ്കിലും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തങ്ങളുടെ ശക്തി 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തിരിച്ചറിഞ്ഞുവെന്നാണ് കാന്തപുരം വിഭാഗം കരുതുന്നത്. 2016നു മുമ്പ് ചില മണ്ഡലങ്ങളിലെങ്കിലും എ.പി വിഭാഗം യു.ഡി.എഫിനെ സഹായിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും കാന്തപുരം സുന്നികൾ എല്‍.ഡി.എഫിനൊപ്പം നിന്നു. കേരള മുസ്‍ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനാ സംവിധാനങ്ങൾ വഴി സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളിലും പരമാവധി വോട്ടുകൾ ശേഖരിച്ച് എൽ.ഡി.എഫിന് നൽകി.
നിലമ്പൂർ, താനൂർ തുടങ്ങി യു.ഡി.എഫ് തോറ്റ മണ്ഡലങ്ങളിൽ മാത്രമല്ല , ജയിച്ച മണ്ഡലങ്ങളിൽ പോലും യു.ഡി.എഫിന് ഗണ്യമായി വോട്ടു കുറഞ്ഞു. തിരൂരങ്ങാടി-6043, പെരിന്തൽമണ്ണ-579, മങ്കട-1508 എന്നിങ്ങനെയായിരുന്നു ലീഗിന്റെ ഭൂരിപക്ഷം. കോഴിക്കോട് ജില്ലയിൽ കാന്തപുരത്തിന് ഏറ്റവും സ്വാധീനമുള്ള കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം മണ്ഡലങ്ങളിലും യു.ഡി.എഫ് തോറ്റു. ഇതിലെല്ലാം തങ്ങളുടെ സ്വാധീനം കൂടി പ്രകടനമാണെന്ന് കാന്തപുരം വിഭാഗം വാദിക്കുന്നു. ആരു ജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിനു മുകളിൽ പോകാൻ സാധ്യതയില്ലാത്ത വടക്കൻ കേരളത്തിലെ 20 മണ്ഡലങ്ങൾ, മധ്യകേരളത്തിലെ 10 മണ്ഡലങ്ങൾ തെക്കൻ കേരളത്തിലെ ചിലമണ്ഡലങ്ങൾ എന്നിവയിൽ തങ്ങളുടെ വോട്ടുകൾ പൂർണമായും ഇടതുപക്ഷത്തിന് പോയാൽ അത് നിർണായകമാകും എന്നാണ് കാന്തപുരം വിഭാഗം നേതാക്കൾ അവകാശപ്പെടുന്നത്. മഞ്ചേശ്വരമടക്കം ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കുന്ന മുന്നണിക്ക് വോട്ടു ചെയ്യുക എന്നതായിരിക്കും സംഘടനാ നിലപാട്.