'ജോസ് കെ മാണി കാണിച്ചത് നെറികേട്, പിറവം സീറ്റില്‍ പണം വാങ്ങി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു' ജില്‍സ് പെരിയപ്പുറം

ജോസ് കെ മാണി സീറ്റ് വാങ്ങി ചന്തയില്‍ വില്‍ക്കുന്നത് പോലെ വില്‍ക്കുകയാണ് എന്നായിരുന്നു ജില്‍സിന്‍റെ പ്രതികരണം

Update: 2021-03-11 05:43 GMT

പിറവം മണംഡലത്തില്‍ സിപിഎമ്മില്‍ നിന്നുള്ള സിന്ധുമോളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച് യൂത്ത് ഫ്രണ്ട് നേതാവ്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിന്‍റെ നേതാവായ ജില്‍സ് പെരിയപ്പുറം ആണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് ജില്‍സ് പെരിയപ്പുറത്തെയാണ്. പിന്നീട് ജോസ് കെ മാണി ഇടപെട്ട് ജില്‍സിനെ മാറ്റി സിപിഎമ്മില്‍ നിന്നുള്ള സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ സ്ഥാനാര്‍ഥിയായി ആദ്യ പരിഗണിച്ച ശേഷം തന്നെ വെട്ടിയതില്‍ പരസ്യ പ്രതികരണവുമായി മുന്‍ യൂത്ത് ഫ്രണ്ട് ഭാരവാഹിയായ ജില്‍സ് പെരിയപ്പുറം രംഗത്തെത്തി. മതത്തിനും പണത്തിനും വേണ്ടി ജോസ് കെ മാണി സീറ്റ് വിറ്റെന്നായിരുന്നു ജിൽസ് പെരിയപ്പുറത്തിന്‍റെ പ്രതികരണം. ജോസ് കെ മാണി സീറ്റ് വാങ്ങി ചന്തയില്‍ വില്‍ക്കുന്നത് പോലെ വില്‍ക്കുകയാണ് എന്നായിരുന്നു ജില്‍സിന്‍റെ പ്രതികരണം. 'ജോസ് കെ മാണി കാണിച്ചത് നെറികേട്, തന്‍റെ പേര് പറഞ്ഞാണ് ഇത്തവണ കേരള കോണ്‍ഗ്രസ് അവിടെ സീറ്റ് വാങ്ങിയത്, എന്നിട്ട് അത് പണം വാങ്ങി വില്‍ക്കുകയാണ്' ജില്‍സ് പൊട്ടിത്തെറിച്ചു. എന്നാല്‍ പിറവത്തിലേത് പേയ്മെന്‍റ് സീറ്റാണെന്ന ആരോപണത്തെ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും രംഗത്തെത്തി.

Advertising
Advertising

Full View

ജില്‍സ് പെരിയപ്പുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിന്ധുമോൾ ജോസിനെ ജോസ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥിയാക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി ആയതിനെത്തുടര്‍ന്ന് സിപിഎം സിന്ധുമോളെ പുറത്താക്കി. തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ ജോസ് വിഭാഗത്തിന്‍റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായതോടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സിന്ധുമോള്‍ക്കെതിരെ പാര്‍ട്ടി പുറത്താക്കല്‍ നടപടിയെടുത്തത്. നിന്ന നില്‍പ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി സിന്ധു ജേക്കബ് മറുകണ്ടം ചാടിയെന്ന വിമര്‍ശനം പ്രാദേശിക ഘടകത്തിനും ജില്ലാ ഘടകത്തിനും ഉണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎം സിന്ധുമോള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Tags:    

Similar News