ആലപ്പുഴയില്‍ ഒരിടത്തുകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

Update: 2017-03-26 01:44 GMT
ആലപ്പുഴയില്‍ ഒരിടത്തുകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

ഹരിപ്പാട് പള്ളിപ്പാടാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Full View

ആലപ്പുഴയില്‍ ഒരിടത്തുകൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹരിപ്പാട് പള്ളിപ്പാടാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മുതല്‍ ഇവിടെ താറാവുകളെ കൊന്നുതുടങ്ങി. താറാവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കുട്ടനാട്ടിലെ നാലിടത്തായിരുന്നു താറാവുകളില്‍ പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. എന്നാല്‍ മറ്റ് നിരവധി പ്രദേശങ്ങളില്‍ താറാവുകള്‍ രോഗലക്ഷണം കാട്ടുകയും ചത്തുവീഴുകയും ചെയ്യുന്നുണ്ട്. ഇവയുടെയെല്ലാം സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് പള്ളിപ്പാടും എച്ച് 5 എന്‍ 8 സ്ഥിരീകരിക്കാനായത്. താറാവൊന്നിന് 200 രൂപ വീതം നഷ്ടപരിഹാരത്തുക കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ.രാജു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നൂറു രൂപവീതം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് സംഘടനകളുമായി ചര്‍ച്ച ചെയ്യ‌ുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച തുക സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ചയായിരുന്നെങ്കിലും ദ്രുതകര്‍മസേന ഇന്നലെയും പ്രവര്‍ത്തനം തുടര്‍ന്നു. തകഴി, ചെറുതന, നീലംപേരൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ പുതിയതായി പക്ഷിപ്പനി സ്ഥിരീകരിച്ച പള്ളിപ്പാട്ടും ഇവര്‍ രോഗബാധിതരായ താറാവുകളെ നശിപ്പിച്ചു. താറാവുകളെ കൊന്ന് കത്തിക്കുന്ന നടപടി ഇന്നും തുടരും.

Tags:    

Similar News