ചിത്രങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; പ്രദര്‍ശനം ചിത്രകാരന്‍ അവസാനിപ്പിച്ചു
വ്യാഴാഴ്ച ഉച്ചക്കു ശേഷം ചിലരെത്തി ചിത്രങ്ങളില്‍ അടിക്കുകയും മൂന്നു മണിക്കൂറോളം ചുറ്റുമുള്ളവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് സംഘാടകരുടെ ആരോപണം
കോഴിക്കോട് ആര്ട് ഗ്യാലറിയില് നടത്തിയ ചിത്രപ്രദര്ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതായി പരാതി. ചിത്രങ്ങള് നശിപ്പിക്കാന് ചിലര് ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് കാണിച്ച് ചിത്രകാരന്‍ ശേഖര്‍ അയ്യന്തോളാണ് തന്റെ പ്രദര്‍ശനം രണ്ടു ദിവസം മുന്‍പേ അവസാനിപ്പിച്ചത്.
ഖജുരാഹോ എന്ന പേരില്‍ ശേഖര്‍ അയ്യന്തോളിന്റെ ചിത്രപ്രദര്‍ശനം ബുധനാഴ്ച മുതല്‍ ആര്‍ട് ഗ്യാലറിയിലുണ്ട്. വ്യാഴാഴ്ച ഉച്ചക്കു ശേഷം ചിലരെത്തി ചിത്രങ്ങളില്‍ അടിക്കുകയും മൂന്നു മണിക്കൂറോളം ചുറ്റുമുള്ളവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് സംഘാടകരുടെ ആരോപണം. ഇതോടെ പ്രദര്‍ശനം തുടരാന്‍ താല്‍പര്യമില്ലെന്ന് ശേഖര്‍ അയ്യന്തോള്‍ അറിയിച്ചു. തുടര്ന്ന് ഞായറാഴ്ചവരെ നിശ്ചയിച്ച പ്രദര്ശനം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.
ആര്‍ട് ഗ്യാലറിയില്‍ സ്ഥിരമായെത്തുന്ന ചിലരാണിതിന് പിന്നിലെന്ന് ചിത്രകാരന്‍ പറയുന്നു. എന്നാല്‍ ആരോപണവിധേയര്‍ ഇക്കാര്യം നിഷേധിക്കുന്നു. ആര്‍ട് ഗ്യാലറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ജീവനക്കാര്‍ ഗണേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.