'വൈവിധ്യങ്ങളെ ആദരിക്കുക'; സമസ്ത സമ്മേളനത്തിൽ ഈജിപ്ത് അൽ അസ്ഹർ സർവകലാശാല റെക്ടർ സലാമ ജുമുഅ അലി ദാവൂദ് നടത്തിയ പ്രസം​ഗത്തിന്റെ സം​ഗ്രഹം

'നമുക്ക് പുരോഗതിയും വിജയവും കരഗതമാകണമെങ്കിൽ നാം അറിവ് നേടിയേ തീരൂ. ജ്ഞാനമാണ് എല്ലാത്തിന്റെയും അടിത്തറ'.

Update: 2026-02-10 17:37 GMT

സമസ്ത നൂറാം വാർഷിക സമാപന സമ്മേളനത്തിൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാല റെക്ടർ സലാമ ജുമുഅ അലി ദാവൂദ് നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ സം​ഗ്രഹം

ഈ മഹാസമ്മേളനത്തിലേക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ആദരണീയനായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ബഹുമാനപ്പെട്ട ഷെയ്ഖുൽ അസ്ഹർ പ്രൊഫസർ ഡോ. അഹമ്മദ് അൽ തയ്യിബിന് നൽകിയ സ്നേഹനിർഭരമായ ക്ഷണത്തിന് ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഷെയ്ഖുൽ അസ്ഹർ ഡോ. അഹമ്മദ് അൽ തയ്യിബിന്റെ പ്രതിനിധിയായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ അതേ പാത പിന്തുടരുന്ന ഇസ്‌ലാം നിഷ്കർഷിക്കുന്ന മിതവാദപരമായ നിലപാടുകളുമായി (വസതിയ്യത്ത്) മുന്നോട്ടുപോകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് അദ്ദേഹം വലിയ പിന്തുണയാണ് നൽകുന്നത്.

Advertising
Advertising

ഈ സംഘടന 11,000ത്തിലധികം മദ്രസകൾക്കും ഒട്ടനവധി കോളജുകൾക്കും സർവകലാശാലകൾക്കും നേതൃത്വം നൽകുന്നുവെന്നതും ഒരു ലക്ഷത്തിലധികം അധ്യാപകർ അവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നതുമെല്ലാം മഹത്തരമായ കാര്യമാണ്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾക്കും മുസ്‌ലിം ഉമ്മത്തിനും വേണ്ടിയുള്ള അതിമഹത്തായ പ്രവർത്തനങ്ങളാണ്. ലോകത്തിലെ 120 രാജ്യങ്ങളിൽ നിന്നായി ഏകദേശം 75,000ത്തിലധികം വിദേശ വിദ്യാർഥികൾ ഇപ്പോൾ അസ്ഹർ സർവകലാശാലയിൽ പഠിക്കുന്നുണ്ടെന്ന കാര്യം ഞാൻ സന്തോഷപൂർവം നിങ്ങളെ അറിയിക്കാനാഗ്രഹിക്കുന്നു. പണ്ട് ഒരു കവി പാടിയതുപോലെ 'മനോഹരമായ തെളിനീരുറവയുള്ള ഇടത്തേക്ക് എപ്പോഴും ജനങ്ങൾ ഒഴുകിയെത്തുന്നു'.

ലോക മുസ്‌ലിം ഉമ്മത്തിനായി മഹത്തായ സേവനമാണ് അസ്ഹർ സർവകലാശാല നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അവിടുത്തെ വിദ്യാർഥികളിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണ്. പ്രത്യേകിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിലുള്ള കുറെയധികം വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട്. സമസ്തയുടെ അതിമഹത്തായ ഈ നൂറാം വാർഷികാഘോഷ വേളയിൽ ഷെയ്ഖുൽ അസ്ഹർ അഹമ്മദ് അൽ തയ്യിബിൻ്റെ നിർദേശപ്രകാരം ഒരു സുവാർത്ത പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- അസ്ഹറിൽ പഠിക്കുന്ന ഈ സംഘടനയുടെ കീഴിലുള്ള വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി വർധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

പ്രിയരെ, ലക്ഷക്കണക്കിന് ഈജിപ്ഷ്യൻ വിദ്യാർഥികൾക്ക് പുറമെ നൂറിലധികം കോളജുകളിലായി പല രാജ്യങ്ങളിൽ നിന്നുള്ള വിദേശ വിദ്യാർഥികൾക്കും അറിവ് പകർന്നു നൽകുന്ന അസ്ഹർ സർവകലാശാലയിലേക്ക് നിങ്ങളുടെ മക്കളെ ഞങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

അസ്ഹർ ശരീഫും സമസ്തയും ഉയർത്തിപ്പിടിക്കുന്ന മിതവാദപരമായ (വസതിയ്യത്ത്) ഇസ്‌ലാമിക ചിന്താസരണിയുടെ ആഘോഷ വേളയും കൂടിയാണ് ഈ നൂറാം വാർഷിക വേള. ഈ സത്യസരണി ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയും ഐക്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അല്ലാഹു ഖുർആനിലൂടെ അരുൾ ചെയ്തതുപോലെ: 'തീർച്ചയായും ഇത് നിങ്ങളുടെ ഈ ഉമ്മത്ത് (സമുദായം) ഏക ഉമ്മത്താണ്. ഞാൻ നിങ്ങളുടെ രക്ഷിതാവാണ്. അതിനാൽ എന്നെ ഭയപ്പെടുവിൻ'.

മിതവാദപരമായ നിലപാട് എന്നത് എല്ലാ മുസ്‌ലിംകളെയും ഒന്നിപ്പിക്കുന്ന ആശയമാണ്. ആരെയും അത് പുറന്തള്ളുകയോ മാറ്റി നിർത്തുകയോ ചെയ്യുന്നില്ല. ഇമാം അബുൽ ഹസൻ അൽ അശ്അരി (റ) പറയുന്നത് കേൾക്കൂ. 'ഇസ്‌ലാം എല്ലാവരെയും വിശാലമായി ഉൾക്കൊള്ളുന്ന ദർശനമാണ്'. ഈ ആശയാദർശത്തിലാണ് അസ്ഹർ സർവകലാശാലയും സമസ്തയും നിലകൊള്ളുന്നത്. ഈ ആശയാദർശത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് പണ്ഡിതരെയും വിദ്യാർഥികളെയും വാർത്തെടുക്കാൻ ഈ മഹത്തായ പ്രസ്ഥാനത്തിന് സാധിച്ചു.

നബി(സ) അരുൾ ചെയ്തത് ഓർക്കുക: 'ഒരാൾ ഒരു യുദ്ധം ചെയ്യുന്നവനെ സഹായിച്ചാൽ അവൻ യുദ്ധം ചെയ്തതിന് തുല്യമാണ്'. ഇതിനർഥം ഒരു വിദ്യാർഥിയെ അറിവ് നേടാൻ സഹായിക്കുന്നവൻ അല്ലാഹുവിന്റെ മാർ​ഗത്തിൽ ജിഹാദ് ചെയ്യുന്നവന് തുല്യനാണ് എന്നാണ്. ഇസ്‌ലാമും അസ്ഹറും ഈ സംഘടനയും എല്ലാതരത്തിലുമുള്ള വൈവിധ്യങ്ങളെയും ആദരിക്കുന്നു. അസ്ഹറിൽ നാല് മദ്ഹബുകളും പഠിപ്പിക്കുന്നുണ്ട്. അതുപോലെ സമസ്തയും ശാഫി, മാലികി, ഹനഫി, ഹൻബലി മദ്ഹബുകളെ യാതൊരു പക്ഷപാതവുമില്ലാതെ ബഹുമാനിക്കുന്നു. ഇമാം ശാഫിയുടെ ശിഷ്യനായിരുന്ന ഇമാം അഹമ്മദ് ബിൻ ഹൻബൽ പറഞ്ഞത് 'ശാഫി ദുനിയാവിന് സൂര്യനെപ്പോലെയും ജനങ്ങൾക്ക് ആയുരാരോഗ്യത്തെപ്പോലെയുമാണ്' എന്നാണ്. പണ്ഡിതന്മാർ തമ്മിലുള്ള ഈ പരസ്പര ബഹുമാനമാണ് നാം എപ്പോഴും മാതൃകയാക്കേണ്ടത്.

നമ്മൾ വായനയുടെ (ഇഖ്റഇൻ്റെ) ഉമ്മത്താണ്. അല്ലാഹു നബി(സ)ക്ക് ആദ്യമായി നൽകിയ കൽപ്പന 'വായിക്കുക' (ഇഖ്റഅ്) എന്നതായിരുന്നു. ഖുർആനിൽ 'അക്രം' (ഏറ്റവും വലിയ ഔദാര്യവാൻ) എന്ന പദം അല്ലാഹു വിദ്യയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അറിവിന് അല്ലാഹു അതിരുകൾ നിശ്ചയിച്ചിട്ടില്ല. അത് കർമശാസ്ത്രമോ വൈദ്യശാസ്ത്രമോ ഭൂഗർഭശാസ്ത്രമോ ഭൗതികശാസ്ത്രമോ എന്തുമാകട്ടെ അവ അല്ലാഹുവിനോടുള്ള ഭയത്തിലേക്കും ഉമ്മത്തിന്റെ ഉന്നതിയിലേക്കും നയിക്കുന്നതാണെങ്കിൽ പുണ്യകരമായ അറിവാണ്.

ഷെയ്ഖ് മുഹമ്മദ് ഗസ്സാലി പറഞ്ഞതുപോലെ, 'ഒരാൾ രസതന്ത്രം (Chemistry) പഠിക്കുന്നത് ദൈവാരാധനയാണ് (അല്ലാഹുവിനുള്ള ഇബാദത്ത്)'.മതപണ്ഡിതന്മാർ വിദ്യ തേടി പുറപ്പെടുന്നത് അല്ലാഹുവിന്റെ മാർ​ഗത്തിലുള്ള ജിഹാദിന് തുല്യമായാണ് ഖുർആൻ വിശേഷിപ്പിച്ചത്. പണ്ഡിതരുടെ പേനയിലെ മഷിക്ക് രക്തസാക്ഷികളുടെ രക്തത്തോളം പവിത്രതയുണ്ടെന്ന് നബി(സ) പഠിപ്പിച്ചു. കാരണം ഇരുവരും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പോരാടുന്നത്; ഒരാൾ ആയുധം കൊണ്ടും മറ്റൊരാൾ അറിവ് കൊണ്ടും.

അബൂതയ്യിബ് അൽ മുതനബ്ബി എന്ന കവി ഇപ്രകാരം പറയുകയുണ്ടായി. 'ലോകത്തെ ഏറ്റവും നല്ല സ്ഥലം കുതിരപ്പുറവും ഏറ്റവും നല്ല കൂട്ടുകാരൻ പുസ്തകവുമാണ്'. നാം അതിരുകളില്ലാതെ വായിക്കുന്നവരാകണം. വായനകൊണ്ടർഥമാക്കുന്നത് കേവലം വിവരശേഖരണമല്ല പുതിയ അറിവുകളുടെ ഉൽപാദനവും ജ്ഞാന നിർമിതിയുമാണ്. മഹാപണ്ഡിതൻ ഇമാം ശാഫിയുടെ 'അർരിസാല' എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ശിഷ്യൻ ഇമാം മുസനി 500 തവണയാണ് വായിച്ചത്. ഓരോ വായനയിലും അദ്ദേഹത്തിന് പുതിയ അറിവുകൾ കിട്ടിക്കൊണ്ടിരുന്നു.

പ്രശസ്ത ഈജിപ്ഷ്യൻ ചിന്തകൻ അബ്ബാസ് മഹ്മൂദ് അൽ അഖാദ് പറഞ്ഞത്, '20 പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ നല്ലത് ഒരു പുസ്തകം 20 തവണ വായിക്കുന്നതാണ്' എന്നാണ്. അറിവ് രണ്ട് തരമുണ്ട്: കേവലം മനഃപാഠമാക്കലും (റിവായത്ത്) ചിന്തിച്ചു മനസിലാക്കലും (ദിരായത്ത്). അറിവ് ചുമക്കുകയും എന്നാൽ അതേക്കുറിച്ച ധൈഷണിക വ്യവഹാരത്തിലേർപ്പെടാതിരിക്കുകയും ആശയം ആശയം കൃത്യമായി മനസിലാക്കാതിരിക്കുകയും ചെയ്യുന്നവരെ ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയോടാണ് ഖുർആൻ ഉപമിച്ചത്. അവസാനമായി എനിക്ക് പറയാനുള്ളത് നമുക്ക് പുരോഗതിയും വിജയവും കരഗതമാകണമെങ്കിൽ നാം അറിവ് നേടിയേ തീരൂ. ജ്ഞാനമാണ് എല്ലാത്തിന്റെയും അടിത്തറ.

പരിഭാഷ: എ.പി ഷംസീർ

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News