ഇടതുപക്ഷത്തിന്റെ ഐക്യം കേരളത്തില്‍ ഗുണകരമായെന്ന് സിപിഎം പിബി
വിഎസിന്റെ പദവി സംബന്ധിച്ച ചര്‍ച്ച ഇന്ന് പൊലിറ്റ് ബ്യൂറോയില്‍.
സംസ്ഥാനത്ത് സിപിഎമ്മിലെ ഐക്യം കേരളത്തിലെ വിജയത്തിന് ഗുണകരമായതായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസിന് മാത്രമാണ് ഗുണം ചെയ്തതെന്ന വിമര്‍ശമാണ് പ്രാഥമിക ചര്‍ച്ചയില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാവ് വി ൃഎസിന് പദവികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും പിബിയില്‍ ചര്‍ച്ച ചെയ്യും.
കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായാണ് പിബി യോഗം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ പാര്‍ട്ടിയിലെയും മുന്നണിയിലേയും ഐക്യം തെരഞ്ഞെടുപ്പ് വിജയത്തിന് സഹായകരമായതായി പിബി വിലയിരുത്തി. എന്നാല്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് ഇടതുപക്ഷത്തിന് ഗുണം ചെയ്തില്ലെന്നും കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നുമുള്ള വിമര്‍ശനം പിബിയില്‍ ഉയര്‍ന്നു. ബൂര്‍ഷ്വ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടതില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അടവുനയത്തിന്റെ ലംഘനമാണ് ബംഗാളില്‍ നടന്നതെന്ന കടുത്ത വിമര്‍ശമാണ് പിബിയില്‍ ഉയര്‍ന്നത്. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ലോക്സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും തുടരണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിനുള്ളത്.
വിഎസ് അച്യുതാനന്ദന് നല്‍കേണ്ട പദവികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് നടക്കും. ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ എന്നീ പദവികളാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിന്റെ അഭിപ്രായത്തിനായിരിക്കും പ്രഥമപരിഗണന. സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ എതിര്‍ത്ത് കൊണ്ടുള്ള തീരുമാനങ്ങള്‍ പിബിയില്‍ നിന്നുണ്ടായേക്കില്ല.