മുന്നണിബന്ധം വേണ്ടെന്ന നിലപാട് എടുത്തിട്ടില്ല: കെ എം മാണി

Update: 2017-11-02 08:19 GMT
മുന്നണിബന്ധം വേണ്ടെന്ന നിലപാട് എടുത്തിട്ടില്ല: കെ എം മാണി

മുന്നണിബന്ധം വേണ്ട എന്ന നിലപാട് കേരളാ കോണ്‍ഗ്രസ് എം എടുത്തിട്ടില്ലെന്ന പ്രതികരണവുമായി കെ എം മാണി രംഗത്തെത്തി.

Full View

സമദൂര നിലപാടില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം. മുന്നണി ബന്ധം പ്രസക്തമെന്ന നിലപാടുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ഇതോടെ ഭാവിയില്‍ മുന്നണി ബന്ധത്തിന് വഴിതെളിയുമെന്നറിയിച്ച് കെ എം മാണിയും നിലപാട് അറിയിച്ചു. എന്‍ഡിഎയിലേക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍സെക്രട്ടറി ജോസഫ് എം പുതുശേരിയും വ്യക്തമാക്കി.

ചരല്‍കുന്നിലെ സമദൂരപ്രഖ്യാപനത്തിനും ശേഷം ഒരാഴ്ച പിന്നിടുന്നതിനു മുന്‍പാണ് ജോസഫ് വിഭാഗം നിലപാടറിയിച്ച് രംഗത്തെത്തിയത്. മുന്നണി രാഷ്ട്രീയം എന്നത് വളരെ പ്രസക്തമാണെന്നായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രതികരണം. കര്‍ഷകരെയും മതന്യൂനപക്ഷങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന മുന്നണിയുമായേ കേരളാ കോണ്‍ഗ്രസ് ഇതുവരെ സഹകരിച്ചിട്ടുള്ളുവെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ചരല്‍ക്കുന്നില്‍ യാതൊരു പ്രതികരണത്തിനും തയ്യാറാകാതിരുന്ന പി ജെ ജോസഫ് മോന്‍സിനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

Advertising
Advertising

പാര്‍ട്ടിയില്‍ ആശയക്കുഴപ്പം മുളപൊട്ടിയതിനു തൊട്ടുപിന്നാലെ കെ എം മാണിയും പ്രതികരിച്ചു. സ്വതന്ത്ര നിലപാട് എന്നാല്‍ എക്കാലവും അങ്ങനെയാകണമെന്നില്ലെന്നും മുന്നണി ബന്ധം വേണ്ടെന്ന് പാര്‍ട്ടിയില്‍ ആരും പറഞ്ഞിട്ടില്ലെന്നും കെ എം മാണി വ്യക്തമാക്കി.

എന്‍ഡിഎയിലേക്ക് കേരളാ കോണ്‍ഗ്രസ് എം ഇല്ലെന്ന് പല ആവര്‍ത്തി വ്യകതമാക്കിയിട്ടും അത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് ചില തല്‍പരകോണില്‍ നിന്നാണെന്നും അത് ദുരുദ്ദേശപരമാണെന്നും കേരളാ കോണ്‍ഗ്രസ് എം ജനറല്‍സെക്രട്ടറി ജോസഫ് എം പുതുശേരി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം വാര്‍ത്തകളില്‍ മുഖ്യമന്ത്രിയെപ്പോലെയുള്ളവര്‍ വീണുപോകരുതെന്നുമാണ് പുതുശ്ശേരിയുടെ പ്രതികരണം.

Tags:    

Similar News