4 കോടി രൂപയുടെ ബാധ്യത: ആറന്മുള കോട്ടയിലെ പ്രഭൂറാം മില്‍സ് അടച്ചുപൂട്ടി

Update: 2017-11-07 21:32 GMT
4 കോടി രൂപയുടെ ബാധ്യത: ആറന്മുള കോട്ടയിലെ പ്രഭൂറാം മില്‍സ് അടച്ചുപൂട്ടി

250-ഓളം തൊഴിലാളികള്‍ പ്രതിസന്ധിയില്‍

കേരള ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴില്‍ ആറന്മുള കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രഭൂറാം മില്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. കെടുകാര്യസ്ഥതയും ആസൂത്രണ വൈകല്യവുമാണ് പൊതുമേഖല സ്ഥാപനമായ പ്രഭുറാം മില്‍സ് അടച്ചുപൂട്ടുന്നതിന് വഴിതെഴിച്ചത്. 99 ലക്ഷം രൂപയുടെ വൈദ്യുതി കുടിശ്ശികയടക്കം നാല് കോടിരൂപയുടെ ബാധ്യതകളാണ് ഇപ്പോള്‍ മില്ലിനുള്ളത്.

നാല് പതിറ്റാണ്ടായി ആറന്മുള കോട്ടയില്‍ പ്രതാപത്തോടെ നിലകൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനമാണ് പ്രഭുറാം മില്‍സ്. വിവിധ തരത്തിലുള്ള നൂലുകളാണ് സ്ഥാപനത്തിന്റെ പ്രധാന ഉല്‍പന്നം. എന്നാല്‍ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും ഭരണതലത്തിലെ അവഗണനയും മില്ലിനെ തകര്‍ച്ചയിലെത്തിച്ചു. ഇതോടെ ഇവിടുത്തെ 250-ഓളം വരുന്ന ജീവനക്കാര്‍ തൊഴില്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്.

Advertising
Advertising

ഇടക്കാലത്തെ സര്‍ക്കാര്‍ സഹായങ്ങള്‍ വകമാറ്റി ചെലവഴിച്ചതും യന്ത്രങ്ങളുടെ കാലപ്പഴക്കവും മില്ലിനെ തളര്‍ത്തി. വന്‍തുക കുടിശ്ശികയായതോടെ മില്ലിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. മില്‍ അടച്ചുപൂട്ടിയതോടെ സിഐറ്റിയു അടക്കമുള്ള മുഴുവന്‍ തൊഴിലാളി സംഘടനകളും പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

മില്ലിലെ ഉല്‍പന്നങ്ങള്‍ കെസ്‌റ്റിസി എംഡിയുടെ ബിനാമിക്ക് കുറഞ്ഞ വിലക്ക് നല്കിയതും ഇതേ ഏജന്റില്‍ നിന്ന് തന്നെ അസംസ്കൃത വസ്തുക്കള്‍ ഇറക്കുമതിയ ചെയ്തതിലും വന്‍തുകയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എന്നാല്‍ വിജിലന്‍സ് കേസില്‍പെട്ട എംഡിയെ സഹായിക്കുന്ന നിലപാടാണ് മുന്നണി ഭേദമില്ലാതെ സര്‍ക്കാരുകള്‍ സ്വീകരിച്ചത്. വിഷയത്തില്‍ വ്യവസായ വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

Tags:    

Similar News