സിപിഎം സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
22ആം പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായുളള സിപിഎം സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും.
22ആം പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായുളള സിപിഎം സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ ഒക്ടോബർ 15 വരെ ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. വിഭാഗീയത ഒഴിവാക്കാനായുളള മാർഗരേഖയും പാർട്ടി നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇന്ന് ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനത്തോടെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് സിപിഎം കടക്കുകയാണ്. ഇന്ന് മുതൽ ഒക്ടോബർ 15 വരെ പാർട്ടിയുടെ 31700 ബ്രാഞ്ചുകളിൽ സമ്മേളനവും സംഘടന തെരഞ്ഞെടുപ്പും നടക്കും. ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഡിസംബർ 15 വരെ ഏരിയ സമ്മേളനങ്ങളും നടത്തും. ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 26ന് തുടങ്ങി ജനുവരി 21ന് അവസാനിക്കും. തൃശൂരിൽ ഫെബ്രുവരി 22 മുതൽ 25 വരെയാണ് സംസ്ഥാന സമ്മേളനം. ഏപ്രിലിൽ ഹൈദരാബാദിൽ വെച്ചാണ് പാർട്ടി കോൺഗ്രസ്.
മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി വലിയ വിഭാഗീയ പ്രശ്നങ്ങളില്ലാതെയാണ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്ന ആശ്വാസം ഇത്തവണ സിപിഎം നേതൃത്വത്തിനുണ്ട്. വിഎസ് പക്ഷം ഏതാണ്ട് നാമവശേഷമായിക്കഴിഞ്ഞു. ബഹു ഭൂരിഭാഗം ജില്ലാകമ്മറ്റികളിലും ഔദ്യോഗിക പക്ഷത്തിന് മൃഗീയ ആധിപത്യവുമുണ്ട്. എന്നാൽ ചില ജില്ലകളിലെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉളളത് നേതൃത്വം ഗൌരവമായാണ് കാണുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ സമ്മേളനങ്ങളിൽ വിഭാഗീയ പ്രശ്നങ്ങൾ തടയാനുളള മാർഗരേഖയും പാർട്ടിനേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
ബ്രാഞ്ച് മുതലുളള സമ്മേളനങ്ങളിൽ പാർട്ടി ഉപരിഘടകം നിശ്ചയിക്കുന്ന പാനലിനെതിരെ മറ്റൊരു പാനൽ മത്സരരംഗത്തുണ്ടാകരുതെന്നാണ് മാർഗരേഖയിലെ പ്രധാന നിർദേശം. സമ്മേളന പ്രതിനിധികൾക്ക് വേണമെങ്കിൽ വ്യക്തിപരമായി മത്സരിക്കാം എന്നും മാർഗരേഖ വിശദീകരിക്കുന്നു. ദേശീയതലത്തിൽ കോൺഗ്രസുമായുളള ബന്ധം മുതൽ സംസ്ഥാന സർക്കാറിൻറെ വിലയിരുത്തൽ വരെയുളള വിഷയങ്ങളും സമ്മേളനങ്ങളിൽ ചർച്ചയാകും.