മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം; ആദ്യം ദേവസ്വം ബോര്‍ഡില്‍

Update: 2018-04-24 14:11 GMT
Editor : Sithara
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം; ആദ്യം ദേവസ്വം ബോര്‍ഡില്‍
Advertising

ആദ്യ പടിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്‍കും. സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കും

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കും. ആദ്യ പടിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം നല്‍കും. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60 ആക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Full View

സര്‍ക്കാര്‍ സര്‍വീസില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുമെന്ന എല്‍ഡിഎഫ് നയം നടപ്പിലാക്കുന്നതിന്‍റെ ആദ്യ ഘട്ടമായാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ സംവരണം. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണമാണ് ലഭിക്കുക. ഇതോടൊപ്പം മറ്റ് സംവരണ വിഭാഗങ്ങളുടെ സംവരണ തോതും ഉയര്‍ത്തും. ഈഴവ സംവരണം 14 ശതമാനത്തില്‍ നിന്ന് 17ഉം പട്ടികജാതി, പട്ടിക വര്‍ഗ സംവരണം 10ല്‍ നിന്ന് 12 ശതമാനവും ആക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. മറ്റ് പിന്നാക്ക വിഭാഗക്കാരുടെ സംവരണവും 3 ശതമാനം ഉയര്‍ത്തി. പൊതുനിയമനങ്ങളില്‍ മുന്നാക്കക്കാര്‍ക്ക് സംവരണത്തിനായി ഭരണഘടനാ ഭേദഗതിക്ക് ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായവും ഉയര്‍ത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56 ല്‍ നിന്ന് 60 ആക്കി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ആണ്. തോമസ് ചാണ്ടിയുടെ രാജി വിവാദത്തിനിടെ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്ത മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തിക സംവരണം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളെടുത്തത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News