'മഹാനടനെ മനസിലാക്കാത്തവരാണ് സൈബര്‍ ആക്രമണം നടത്തിയത്'; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
'സിപിഎമ്മിൻ്റെ സൈബര്‍ രംഗത്ത് ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ മനസിലാകാത്ത കാലമായോ?'
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിക്ക് നേരെയുണ്ടായ ഇടത് അണികളുടെ സൈബര്‍ ആക്രമണത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാനടനെ മനസിലാക്കാത്തവരാണ് സൈബര്‍ ആക്രമണം നടത്തിയത്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'മമ്മൂട്ടി നടത്തിയത് സ്വഭാവികമായ പ്രതികരണമാണ്. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടല്ലോ. തീര്‍ത്തും സ്വകാര്യമായി പറഞ്ഞ ഒരു കാര്യമാണത്. ഒരു ക്യാമറയ്ക്കും മുന്നില്‍ നടന്നതല്ല. ഇന്ന് ക്യാമറയും ശരീരത്തില്‍ വച്ച് നടക്കുന്ന നിരവധിപേര്‍ ഉണ്ട്. വിവാദമാക്കാന്‍ താല്പര്യമുള്ളവര്‍ അത് പ്രചരിപ്പിച്ചു. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ മമ്മൂട്ടിയെ വലിയ തോതില്‍ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. എന്തൊരു നിര്‍ഭാഗ്യകരമായ സ്ഥിതിയാണ്. നന്മ മാത്രം വിചാരിച്ച് ചെയ്ത പ്രവൃത്തി ആയിരുന്നു ആ യാത്ര. എന്നിട്ടും അത് വിവാദമാക്കി. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന് വാര്‍ത്തയായി. സിപിഎമ്മിന്റെ സൈബര്‍ രംഗത്ത് ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ മനസ്സിലാകാത്ത കാലമായോ? മലയാളത്തിന്റെ മഹാനടന് മനസിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍ സിപിഎമ്മുകാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'- മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി മാറി നില്‍ക്കാന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു സിപിഎം കേന്ദ്രങ്ങളുടെ സൈബര്‍ ആക്രമണം. 'നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതോടെ സന്ദര്‍ശനം വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ കെ. റഫീഖ് അടുത്ത ദിവസം വിശദീകരണം നല്‍കിയിരുന്നു. മനപൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ഫോണില്‍ വിളിച്ച് സംസാരിച്ചെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഇടപെടലുകളില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി തന്നോട് പങ്കുവെച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ റഫീഖ് പറഞ്ഞു.