ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കര്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Update: 2026-03-09 09:19 GMT

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. 

രാജ്യത്തെ തന്നെ പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായാണ് കെ.എന്‍ പണിക്കര്‍ പരിഗണിക്കപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി പൊതുപരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നില്ല. അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍ പണിക്കരുടെ മിക്ക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. മലബാര്‍ കലാപത്തിനെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ 'മലബാര്‍ കലാപം; പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ' എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരെ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകമായിരുന്നു ഇത്.

Advertising
Advertising

എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്റ്റേറ്റ്‌സ്: റിലീജിയന്‍ ആന്‍ഡ് പെസന്റെ അപ്റൈസിങ് ഇന്‍ മലബാര്‍ (1989), കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നസ് ഇന്‍ മോഡേണ്‍ ഇന്ത്യ(1990), ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ(1968), കള്‍ച്ചര്‍, ഐഡിയോളജി ആന്‍ഡ് ഹെജിമണി: ഇന്റലക്ച്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ്‌നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ(1995), കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച് (1997), കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍ ആന്‍ഡ് പൊളിറ്റിക്‌സ് (2002), ഇന്റെറോഗേറ്റിങ്ങ് കൊളോണിയല്‍ മോഡേണിറ്റി (2002) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ചരിത്ര വിഭാഗം മേധാവിയും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡീനും ആര്‍ക്കൈവ്‌സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി ചെയര്‍മാനുമായി പ്രവര്‍ത്തിച്ച അദ്ദേഹം കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്നു. വിദേശ സര്‍വകലാശാലകളിലും വിസിറ്റിങ് പ്രഫസറായിരുന്നു. ഒട്ടേറെ ചരിത്ര പുസ്തകങ്ങളുടെയും പ്രബന്ധങ്ങളുടെയും രചയിതാവുമാണ്. 2017ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു.

ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. പിന്നീടാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായത്.

പരേതയായ ഉഷാ ഭാര്‍ഗവയാണ് ഭാര്യ. മക്കള്‍ : രാഗിണി, ശാലിനി. മരുമക്കള്‍ : പീതാംബര്‍, ആര്‍.വി രാമന്‍. മൃതദേഹം നാളെ 10 മണിക്ക് ജവഹര്‍ നഗറിലെ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലുമണി വരെ പൊതു ദര്‍ശനമുണ്ടാകും. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News