വയനാട്ടിലെത്തിയ കെപിസിസി ഉപസമിതിയ്ക്ക് മുന്‍പില്‍ പരാതി പ്രളയം

Update: 2018-04-26 08:53 GMT
Editor : Sithara
വയനാട്ടിലെത്തിയ കെപിസിസി ഉപസമിതിയ്ക്ക് മുന്‍പില്‍ പരാതി പ്രളയം
Advertising

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ വയനാട്ടിലെത്തിയ കെപിസിസി ഉപസമിതിയ്ക്ക് മുന്‍പാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രളയം

Full View

നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ വയനാട്ടിലെത്തിയ കെപിസിസി ഉപസമിതിയ്ക്ക് മുന്‍പാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രളയം. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടേതടക്കം അന്‍പതോളം പരാതികളാണ് സംഘത്തിന് ലഭിച്ചത്. രാവിലെ തുടങ്ങിയ സിറ്റിങ് വൈകിട്ട് അഞ്ച് മണിയോടെയാണ് അവസാനിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയാണ് വയനാട്ടില്‍ എത്തിയത്.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും കോണ്‍ഗ്രസാണ് മത്സരിച്ചത്. മാനന്തവാടിയില്‍ മത്സരിച്ച മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ തോല്‍വിയാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. തോല്‍വിയെ കുറിച്ച് അന്വേഷിയ്ക്കണമെന്ന് കാണിച്ച് പി കെ ജയലക്ഷ്മി ഉപസമിതിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകള്‍ തോല്‍വിയ്ക്ക് കാരണമായെന്ന് പരാതിയില്‍ പറയുന്നതായാണ് സൂചന. ചില നേതാക്കളുടെ പേരുകള്‍ കൃത്യമായി പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് നേരത്തെ കെപിസിസി പ്രസിഡന്റിനും ജയലക്ഷ്മി പരാതി നല്‍കിയിരുന്നു. ഉപസമിതിയ്ക്ക് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും മാനന്തവാടി മണ്ഡലത്തില്‍ നിന്നാണ്.

കല്‍പറ്റ മണ്ഡലത്തില്‍ ജനതാദള്‍ യുനൈറ്റഡ് മത്സരിച്ചതാണ് തോല്‍വിയ്ക്കു കാരണമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവ് സംബന്ധിച്ച അന്വേഷണം വേണമെന്ന് കാണിച്ചും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഘടക കക്ഷികളുടെ വോട്ടുകള്‍ കൃത്യമായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചില്ലെന്ന പരാതികളുമുണ്ട്. യുഡിഎഫിന്റെ സുരക്ഷിത കോട്ടയെന്നു വിലയിരുത്തപ്പെട്ടിരുന്ന വയനാട്ടില്‍ കനത്ത തോല്‍വിയാണ് മുന്നണിയ്ക്ക് നേരിടേണ്ടി വന്നത്. യുഡിഎഫ് ഭരിച്ചിരുന്ന മൂന്നു മണ്ഡലങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി മാത്രമാണ് നിലനിര്‍ത്താനായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News