സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പിണറായിയുടെ രൂക്ഷവിമര്‍ശം
കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷ വിമര്‍ശം. കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെയും പൊതുചര്‍ച്ചയില്‍ വിമര്‍ശം ഉയര്‍ന്നു.
വൈകിട്ട് 4 മണിക്ക് അവസാനിച്ച പൊതുചര്‍ച്ചക്ക് മറുപടി പറഞ്ഞ പിണറായി വിജയന്‍ സിപിഎം ജില്ലാ നേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച് അന്വേഷണ കമ്മീഷന്‍ പൂര്‍ണ പരാജയമായിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലെയും തിരിച്ചടി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതില്‍ ജില്ലാ നേതൃത്വം ഗുരുതര വീഴ്ച്ച വരുത്തിയതായും രണ്ട് മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തില്‍ പിണറായി കുറ്റപ്പെടുത്തി.
പൊതുചര്‍ച്ചയില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നു. ഡിവൈഎഫ്ഐ നേതാക്കളായ എം സ്വരാജും എ എന്‍ ഷംസീറും അധികാരത്തിന്‍റെ ശീതളഛായയില്‍ മയങ്ങുകയാണ്. ഇതുമൂലം ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം നിശ്ചലമായെന്നും തിരുവമ്പാടി ഏരിയയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു. എന്നാല്‍ സ്വരാജിന് നേരെ ഉയര്‍ന്ന വിമര്‍ശം മറുപടി പ്രസംഗത്തില്‍ പിണറായി തള്ളി. ഈ വിഷയം ഉന്നയിച്ച എസ്എഫ്ഐ നേതാവിനെ പിണറായി വിമര്‍ശിച്ചു. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെതിരെ പൊതുചര്‍ച്ചയില്‍ വീണ്ടും വിമര്‍ശം ഉയര്‍ന്നു. ആത്മീയ കാര്യങ്ങളില്‍ മാത്രമാണ് മേയറുടെ ഇപ്പോഴത്തെ ശ്രദ്ധയെന്നായിരുന്നു വിമര്‍ശം.