പ്രവേശന പരീക്ഷകളില്‍ സംവരണ വിഭാഗങ്ങള്‍ക്കുള്ള യോഗ്യതാ മാനദണ്ഡത്തിനെതിരെ എന്‍.എസ്.എസ് രംഗത്ത്
യുജിസി നെറ്റ് പരീക്ഷ യിലെ നിബന്ധന എന്‍.എസ്.എസിന്‍റെ ഹരജിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു
പ്രവേശന പരീക്ഷകളില്‍ സംവരണ വിഭാഗങ്ങള്‍ക്കുള്ള യോഗ്യതാ മാനദണ്ഡത്തിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്ത്. യുജിസി നെറ്റ് പരീക്ഷ യിലെ നിബന്ധന എന്‍.എസ്.എസിന്‍റെ ഹരജിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വിധി മറ്റ് യോഗ്യതാ പരീക്ഷകളിലും നടപ്പാക്കണമെന്നാണ് എന്‍.എസ്.എസിന്റെ ആവശ്യം.
യു.ജി.സിയുടെ കോളജ്, സര്‍വകലാശാല അധ്യാപക യോഗ്യതയായ നെറ്റിന്‍റെ മാനദണ്ഡ പരീക്ഷയില്‍ പൊതുവിഭാഗത്തിനും സംവരണവിഭാഗത്തിനും വ്യത്യസ്ത യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചിരുന്നു. യോഗ്യത നേടിയവരില്‍ നിന്ന് ജനറല്‍ , ഒ.ബി.സി, എസ്.സി, എസ്.ടി, പി.എച്ച് വിഭാഗങ്ങള്‍ക്ക് വെവ്വേറെ പട്ടിക തയാറാക്കും. പട്ടികയിലെ ഓരോ വിഭാഗത്തിലേയും 15 ശതമാനം വീതമാണ് യോഗ്യത നേടിയിരുന്നത്. യുജിസിയുടെ ഈ മാനദണ്ഡമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതോടെ സംവരണ വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങള് നഷ്ടമാകുമെന്നാണ് ആശങ്ക.
പൊതു വിഭാഗക്കാരെക്കാള്‍ പിന്നാക്ക വിഭാഗക്കാർ നെറ്റ് യോഗ്യത നേടുന്നുവെന്ന് ആരോപിച്ചായിരുന്നു എന്‍.എസ്.എസ് ഹരജി നല്‍കിയത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ യു.ജി.സി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.