കെഎഫ്ഡിസിയില്‍ ചട്ടം ലംഘിച്ചുള്ള എംഡി നിയമനത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടി
എം ഡി നിയമനത്തിനെതിരെ ഹൈകോടതിയില്‍ കേസിന് പോയ ഗവി ഡിവിഷനിലെ ഡെപ്യൂട്ടി മാനേജരെയാണ് അകാരണമായി സ്ഥലം മാറ്റിയത്
കേരള വനം വികസന കോര്‍പറേഷനില്‍ ചട്ടം ലംഘിച്ചുള്ള എംഡി നിയമനത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടി. എം ഡി നിയമനത്തിനെതിരെ ഹൈകോടതിയില്‍ കേസിന് പോയ ഗവി ഡിവിഷനിലെ ഡെപ്യൂട്ടി മാനേജരെയാണ് അകാരണമായി സ്ഥലം മാറ്റിയത്.
ചട്ടവിരുദ്ധമായി നിയമനം നല്‍കുക. അത് ചോദ്യം ചെയ്തവരെ സ്ഥലം മാറ്റുക.തെറ്റായ നിയമനം ക്രമപ്പെടുത്തുന്ന രീതിയില്‍ ചട്ട ം തന്നെ ഭേദഗതി ചെയ്യുക. ഇതാണ് വനം വകുപ്പില്‍ ഇപ്പോള്‍ നടക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഗ്രേഡിലുള്ളവരെ നിയമിക്കേണ്ട എം ഡി തസ്തികയില്‍ കണ്‍സര്‍വേറ്റര്‍ പദവിയിലുള്ളയാളെ നിയമിച്ച വാര്‍ത്ത നേരത്തെ മീഡിയവണ്‍ പുറത്തുകൊണ്ടുവന്നിരുന്നു. നിയമനത്തിനെതിരെ പരാതി നല്‍കിയിട്ടും ഗൌനിക്കാത്തതിനാല്‍ ഹൈകോടതിയില്‍ കേസിന് പോയ വനം വകുപ്പിലെ സി ഐ ടി യു സെക്രട്ടറി കൂടിയായ ഗവി ഡിവിഷന്‍ ഡെപ്യൂട്ടി മാനേജര്‍ ടി.കെ രാധാകൃഷ്ണനോട് കണക്ക് തീര്‍ക്കുകയാണ് ഇപ്പോള്‍ വനം വകുപ്പ്.
രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് സ്ഥലം മാറ്റ ഉത്തരവുകള്‍. ആദ്യം കോട്ടയത്തെ ഹെഡ് ഓഫീസിലേക്ക്. അവിടെ ജോയിന്‍ ചെയ്യാനൊരുങ്ങുമ്പോള്‍ നേരെ മാനന്തവാടിയിലേക്കും. ഉത്തരവിട്ടത് ചട്ടവിരുദ്ധമായി പദവിയിലെത്തിയ എം ഡി പി ആര്‍ സുരേഷ് തന്നെ. ഹൈകോടതിയിലെ കേസിലാകട്ടെ നോട്ടീസ് ലഭിച്ചിട്ടും വനംവകുപ്പ് ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല. ചട്ട ലംഘനം സാധൂകരിക്കുന്ന തരത്തില്‍ സര്‍വീസ് റൂള്‍ ഭേദഗതി ചെയ്യാനാണ് വനം വകുപ്പ് ശ്രമിച്ചത്. എന്നാല്‍ സിഐടിയു നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇതുവരെ ഒപ്പിട്ടിട്ടില്ല. കേസില്‍ തോല്‍ക്കുമെന്നായപ്പോഴാണ് കാരണക്കാരനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി പ്രതികാരം തീര്‍ക്കുന്നതെന്നാണ് ആക്ഷേപം.