അസാധുനോട്ട് നിക്ഷേപിക്കാന്‍ അനുമതി: സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ്

Update: 2018-05-08 07:46 GMT
Editor : Muhsina
അസാധുനോട്ട് നിക്ഷേപിക്കാന്‍ അനുമതി: സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ്
Advertising

കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസെടുത്തത്. സ്വകാര്യ വ്യക്തികളും ബാങ്കുകളും നിയമാനുസൃതമാല്ലാതെ ആറ് സഹകരണ ബാങ്കുകളിലായി 58 ലക്ഷത്തോളം രൂപ..

മതിയായ രേഖകളില്ലാതെ അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയ സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ്. കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസെടുത്തത്. സ്വകാര്യ വ്യക്തികളും ബാങ്കുകളും നിയമാനുസൃതമാല്ലാതെ ആറ് സഹകരണ ബാങ്കുകളിലായി 58 ലക്ഷത്തോളം രൂപ നിക്ഷേപിച്ചുവെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.

കൊല്ലം ജില്ലയിലെ കടക്കല്‍, പുതിയ കാവ്, മയ്യനാട്, പൊന്‍മന, കുലശേഖരമംഗലം, ചാത്തന്നൂര്‍ എന്നീ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. നവംബര്‍ എട്ടിന് രാജ്യത്ത് നോട്ട് നിരോധം വന്നതിന് ശേഷം മതിയായ രേഖകളില്ലാതെ 50000ത്തിന് മുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയെന്നാണ് കേസ്. സ്വകാര്യ വ്യക്തികളും ബാങ്കുകളും പാന്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഹാജറാക്കാതെ തുക ബാങ്കുകളില്‍ നിക്ഷേപിച്ചു.

കടക്കല്‍ സഹകരണ ബാങ്കില്‍ ആറ് ലക്ഷത്തി ആയിരം രൂപ, പുതിയകാവ് 2ലക്ഷത്തി തൊണ്ണൂറായിരം രൂപ, മയ്യനാട് 1ലക്ഷത്തി എണ്‍പത്തി രണ്ടായിരം രൂപ, പൊന്‍മന 30 ലക്ഷം രൂപ, കുലശേഖരമംഗലം 13ലക്ഷത്തി ഇരുപത്തി നാലായിരത്തി അഞ്ഞൂറ് രൂപ, ചാത്തന്നൂര്‍ 3ലക്ഷത്തി അന്പത്തി രണ്ടായിരം രൂപ എന്നിങ്ങനെ തുക നിക്ഷേപിക്കപ്പെട്ടു.

പണം നിക്ഷേപിച്ചവരുടെ രേഖകള്‍ ശേഖരിക്കാതെ പണം നല്‍കുക വഴി ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്ക് നേരെ ചുമത്തി. കളളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമമാണ് ബാങ്കുകളില്‍ നടന്നതെന്ന് സിബിഐ പ്രാഥമിക കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News