കണ്ണൂരില്‍ ടോള്‍ ബൂത്തിലേക്ക് ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു

Update: 2018-05-12 09:05 GMT
കണ്ണൂരില്‍ ടോള്‍ ബൂത്തിലേക്ക് ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു

അപകടത്തില്‍ ടോള്‍ ബൂത്ത് പൂര്‍ണമായും തകര്‍ന്നു.

Full View

കണ്ണൂര്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്. മൂന്ന് സ്ത്രീകളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍ തലശേരി ദേശീയപാതയില്‍ മുഴപ്പിലങ്ങാട് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മുഴുപ്പിലങ്ങാട് പാലത്തിന്റെ ടോള്‍ ബൂത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൂത്ത് പൂര്‍ണമായും തകര്‍ന്നു. ടോള്‍ ബൂത്ത് മാനേജര്‍ നാറാത്ത് സ്വദേശി സഹദേവന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തകര്‍ന്ന ബൂത്തിനുളളില്‍ കുടുങ്ങിയ ജീവനക്കാരെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.

പരിക്കേറ്റ ലത, സൂരജ്, സംഗീത, ജിഷ എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ട്രക്കിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

Tags:    

Similar News