അറിയാതെ ഒരു ജീവനെടുത്തുപോയി; പരിഹാരമായി സ്വന്തം ജീവന്‍ പകുത്തുനല്‍കുന്നു

Update: 2018-05-13 05:00 GMT
അറിയാതെ ഒരു ജീവനെടുത്തുപോയി; പരിഹാരമായി സ്വന്തം ജീവന്‍ പകുത്തുനല്‍കുന്നു

കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സുകുമാരന്റെ ഒരു വൃക്ക ഇനി പ്രിന്‍സിയില്‍ തുടിക്കും

കൊലപാതകം ചെയ്തതിന്റെ പശ്ചാത്താപം മൂലം മറ്റൊരു ജീവൻ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് പട്ടാമ്പി സ്വദേശി സുകുമാരന്‍. വൃക്ക രോഗബാധിതയായ കൊല്ലം സ്വദേശി പ്രിന്‍സിക്ക് അവയവം പകുത്ത് നല്‍കിയാണ് സുകുമാരന്‍ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം ചെയ്യുന്നത്. കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സുകുമാരന് ജയില്‍വാസത്തിനിടെയാണ് മനം മാറ്റം ഉണ്ടായത്.

സംസ്ഥാനത്തെ തുറന്ന ജയിലായ നെയ്യാര്‍ ജയിലിലേക്ക് അവയവദാനം സംബന്ധിച്ച് 2015 ല്‍ എത്തിയ ഒരു പത്രവാര്‍ത്ത. ഇതാണ് സുകുമാരന്‍ എന്ന തടവുകാരന്‍റെ മനസ് മാറ്റി മറിച്ചത്. അവയവം ദാനം ചെയ്യാന്‍ അന്നുമുതല്‍ സുകുമാരന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ തടവുപുള്ളികള്‍ക്ക് അവയവദാനം നടത്താനാകില്ലെന്നതായതോടെ പരിശ്രമം വിഫലമായി.

Advertising
Advertising

Full View

ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതനായപ്പോള്‍ പ്രിന്‍സി എന്ന വൃക്ക രോഗിയെ സന്നദ്ധ സംഘടനകള്‍ സുകുമാരന് മുന്നിലെത്തിച്ചു. പ്രിന്‍സിയുടെ അവസ്ഥ മനസ്സിലാക്കിയ സുകുമാരന്‍ സ്വന്തം അവയവം പകുത്ത് നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ഒരു ജീവനെടുത്ത തന്നിലൂടെ മറ്റൊരു ജീവന്‍ സംരക്ഷിക്കപ്പെടണമെന്നതാണ് ഇപ്പോഴത്തെ അഭിലാഷം.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ അടുത്തമാസം നടത്തുമെന്നാണ് ഏറണാകുളത്തെ സ്വകാര്യ ആശുപത്രി അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിലെ തര്‍ക്കത്തിനിടെ 2007 ലാണ് സുകുമാരന്‍ വാസു എന്ന അയല്‍ക്കാരനെ കൊലപ്പെടുത്തിയത്.‌

Tags:    

Similar News