സെന്‍കുമാര്‍ - സര്‍ക്കാര്‍ തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്

Update: 2018-05-19 10:17 GMT
സെന്‍കുമാര്‍ - സര്‍ക്കാര്‍ തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടനെ തന്നെ സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കി നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി

ഡിജിപി ടി പി സെന്‍കുമാറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. കോടതിയലക്ഷ്യ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചക്ക് ശേഷമേ സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്.

Full View

സര്‍ക്കാരുമായി ഏറ്റുമുട്ടലിന് പോകേണ്ടതില്ലെന്ന ടി പി സെന്‍കുമാറിന്‍റെ തീരുമാനത്തോടെയാണ് തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് എത്തുന്നത്. കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്നും നാളെയും സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും നിയമനം ഉണ്ടായില്ലെങ്കില്‍ മാത്രമേ ഹര്‍ജിയുമായി മുന്നോട്ട് പോകൂ. ഇക്കാര്യം സുപ്രീംകോടതിയിലെ അഭിഭാഷകരെ സെന്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായതായാണ് സൂചന.

അഭിഭാഷകന്‍ ഹരീഷ് സാല്‍വയുടേയും അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന്‍റെയും നിയമോപദേശം കിട്ടിയതിന് ശേഷം ഉത്തരവ് പുറത്തിറക്കാനാണ് തീരുമാനം. ഇന്നോ നാളെയോ നിയമോപദേശം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അങ്ങനയെങ്കില്‍ നാളെയോ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലോ സെന്‍കുമാറിനെ പോലീസ് മേധാവിയാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങും.

Tags:    

Similar News