കേരള കോണ്‍ഗ്രസുകളുടെ പൊടിപോലുമില്ലാത്ത പിണറായി മന്ത്രിസഭ

Update: 2018-05-22 18:05 GMT
Editor : admin
കേരള കോണ്‍ഗ്രസുകളുടെ പൊടിപോലുമില്ലാത്ത പിണറായി മന്ത്രിസഭ

കേരളാ കോണ്‍ഗ്രസുകളുടെ പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയെന്ന നിലയിലും ശ്രദ്ധേയമാണ് പിണറായി വിജയന്റെ മന്ത്രിസഭ.

കേരളാ കോണ്‍ഗ്രസുകളുടെ പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭയെന്ന നിലയിലും ശ്രദ്ധേയമാണ് പിണറായി വിജയന്റെ മന്ത്രിസഭ. ഇടതു -വലതു മുന്നണികളില്‍ നിലയുറപ്പിച്ചിട്ടുള്ള വിവിധ കേരളാ കോണ്‍ഗ്രസുകള്‍ എല്ലാ കാലത്തും അധികാരത്തിന്റെ ഭാഗമായിരുന്നു. കേരളാ കോണ്‍ഗ്രസുകാരനായ ലോനപ്പന്‍ നമ്പാടന് ‍1987- 91 കാലയളവില്‍ കൂറുമാറി നായനാര്‍ മന്ത്രിസഭയില്‍ പ്രതിനിധിയായതൊഴിച്ചാല്‍ കേരളാ കോണ്‍ഗ്രസ് മന്ത്രിമാര്‍ 1969 മുതല്‍ എല്ലാ മന്ത്രിസഭകളിലും അംഗങ്ങളായിട്ടുണ്ട്.

Advertising
Advertising

1964 ല്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകൃതമായശേഷം 65ലെ തെരഞ്ഞെടുപ്പില്‍ 25 എംഎല്‍എമാരുമായാണ് കേരളാ കോണ്‍ഗ്രസ് കരുത്തുതെളിയിച്ചത്. എന്നാല്‍ കേവലഭൂരിപക്ഷം ഇല്ലാഞ്ഞതിനാല്‍ മന്ത്രിസഭ രൂപീകൃതമായിരുന്നില്ല. തുടര്‍ന്ന് 67 ലെ മൂന്നാം നിയമസഭയായ ഇഎംഎസ് മന്ത്രിസഭ താഴെ വീണശേഷം 69-70 കാലഘട്ടത്തിലാണ് കേരളാ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പ്രതിനിധിയാകുന്നത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനായ കെഎം ജോര്‍ജാണ് സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായത്. 1970 മുതല്‍ 77വരെ കെഎം ജോര്‍ജിനൊപ്പം കെഎം മാണിയും മന്ത്രിമാരായി. കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പിനുശേഷം കെഎം മാണിയും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നപോഴും മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. 1987- 91 കാലയളവില്‍ ഇകെ നയനാര്‍ മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ് മന്ത്രിമാരുണ്ടായിരുന്നില്ല. കേരളാ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ ലോനപ്പന്‍ നമ്പാടന്‍ എന്നാല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മന്ത്രിസഭിയിലെത്തി.

പികെവി, കെ കരുണാകരന്‍, ഇകെ നയനാര്‍, എകെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ മുഖ്യമന്ത്രിമാരായ 13 നിയമസഭകളിലും കേരളാ കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഇതില്‍ കെഎം ജോര്‍ജിനും, കെഎം മാണിക്കും പുറമെ ടിഎസ് ജോണ്‍, ആര്‍ ബാലകൃഷ്ണപിള്ള, പിജെ ജോസഫ്, സിഎഫ് തോമസ്, ടിഎം ജേക്കബ്, ടുയു കുരുവിള, സുരേന്ദ്രന്‍പിള്ള, പുതുതലമുറയിലെ കെബി ഗണേഷ് കുമാര്‍, മോന്‍സ് ജോസഫ്, അനൂബ് ജേക്കബ് വരെ ഇടതു വലതു മുന്നണികള്‍ക്കൊപ്പം മന്ത്രിമാരായവരാണ്. ഇത്തവണ കേരളാ കോണ്‍ഗ്രസ് ബിയിലെ കെബി ഗണേഷ്‍ കുമാര്‍ ഇടതുപിന്തുണയോടെ ജയിച്ചുവന്നെങ്കിലും കാഴ്ചക്കാരനാകേണ്ടിവന്നു എന്നതും ശ്രദ്ധേയം. കേരളാ കോണ്‍ഗ്രസ് എവിടെയാണോ അവിടെയാണ് അധികാരം എന്ന് കെഎം മാണിയുടെ പ്രസിദ്ധമായ ചൊല്ലിന് അങ്ങനെ തിരുത്തല്‍ സംഭവിച്ചിരിക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News