കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ല? വിദ്വേഷ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ നേതാവ്

Update: 2018-05-23 15:27 GMT
Editor : Sithara
കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ല? വിദ്വേഷ പരാമര്‍ശവുമായി ഹിന്ദുമഹാസഭാ നേതാവ്
Advertising

ഹാദിയ കേസിനെ സംബന്ധിച്ച് ലവ് ജിഹാദ് ടേപ്‌സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമര്‍ശം

കേരളത്തില്‍ എന്തുകൊണ്ടാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താത്തതെന്ന് ബിജെപി സര്‍ക്കാരിനോട് ഹിന്ദു മഹാസഭാ നേതാവ് ഇന്ദിരാ തിവാരി. ലവ് ജിഹാദ് ടേപ്‌സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനലില്‍ അര്‍ണാബ് ഗോസ്വാമി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമര്‍ശം. ഹാദിയയുടെ വീട്ടില്‍ പോയി രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോ ആണ് ചര്‍ച്ചയ്ക്ക് ഉപയോഗിച്ചത്.

ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും ഏറ്റവും കൂടുതല്‍ സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിലിത് സംഭവിക്കുന്നുണ്ടെന്നും ചര്‍ച്ചയ്ക്ക് മുന്നോടിയായി റിപ്പബ്ലിക് ചാനല്‍ സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ ഈശ്വറും ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാദിയ കേസിനെ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നോ ലവ് ജിഹാദെന്നോ വിളിക്കാമെന്നാണ് രാഹുല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം വേണം. കേരളത്തിലെ കപട മതേതര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും തങ്ങള്‍ നിസ്സഹായരാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഹാദിയ കേസില്‍ ലഷ്കര്‍, സിമി തുടങ്ങിയ ഭീകരവാദ സംഘടനകളുണ്ടെന്ന് ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവു ആരോപിച്ചു. തുടര്‍ന്നാണ് നിങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നില്ലെന്ന് ഇന്ദിര തിവാരി ജി വി എല്‍ നരസിംഹ റാവുവിനോട് ചോദിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News