അതിര്‍ത്തി കടന്നെത്തുന്ന പൂക്കള്‍ക്ക് തീവില; ലാഭം മുഴുവന്‍ ഇടനിലക്കാര്‍ക്ക്
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് മലബാര്‍ മേഖലയിലേയ്ക്ക് കാര്യമായി പൂക്കള്‍ എത്തുന്നത്
അത്തം തുടങ്ങിയതോടെ കേരളത്തിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത് ടണ്‍ കണക്കിന് പൂക്കളാണ്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നാണ് മലബാര്‍ മേഖലയിലേയ്ക്ക് കാര്യമായി പൂക്കള്‍ എത്തുന്നത്. ജീവിത വേഗം കൂടിയതോടെയാണ് വരവുപൂക്കളെ മാത്രം ആശ്രയിച്ച് മലയാളി, പൂക്കളം ഒരുക്കാന്‍ തുടങ്ങിയത്.
കേരളത്തിലെ ഓണം വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയവരാണ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലെ പൂപ്പാടങ്ങളില്‍ ഏറെയും. പെയിന്റ് കമ്പനികള്‍ കൊണ്ടു പോകുന്നതിന്റെ ഇരട്ടിയില്‍ അധികം തുക കേരളത്തിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ ലഭിയ്ക്കുമെന്നതാണ് കാരണം.
കര്‍ണാടകയില്‍ നിന്ന് 10 മുതല്‍ 15 വരെ രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ചെണ്ടുമല്ലിയ്ക്ക് കേരളത്തിലെ വില 50 രൂപ. മഞ്ഞ പൂവിനാണെങ്കില്‍ 150 രൂപ. ലാഭം മുഴുവന്‍ ഇടനിലക്കാര്‍ക്കാണ്. വയനാട്ടില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേയ്ക്കുള്ള ദൂരം 50 കിലോ മീറ്ററില്‍ താഴെയാണ്. അവിടെയാണ് ഇത്രയും വില ഈടാക്കുന്നത്. ചുരമിറങ്ങുമ്പോഴേയ്ക്കും വില വീണ്ടും കൂടും.