അര്‍ത്തുങ്കല്‍ പള്ളിയുടെ കവി വയലാറിന് ആദരം

Update: 2018-05-25 02:18 GMT
അര്‍ത്തുങ്കല്‍ പള്ളിയുടെ കവി വയലാറിന് ആദരം
Advertising

'വിശുദ്ധനായ സബസ്റ്റ്യാനോസേ' എന്ന സിനിമാ ഗാനത്തിന്റെ നാല്പത്തിയെട്ടാം വാര്‍ഷികാഘോഷ വേളയിലാണ് വൈദികരും വിശ്വാസികളും കവിയുടെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

ചലച്ചിത്ര ഗാനത്തിലൂടെ പള്ളിയുടെ പ്രശസ്തി ഉയര്‍ത്തിയ വയലാര്‍ രാമവര്‍മ്മയ്ക്ക് അര്‍ത്തുങ്കല്‍ പള്ളിയിലെ വൈദികരുടെയും വിശ്വാസികളുടെയും സ്മരണാഞ്ജലി. വിശുദ്ധനായ സബസ്റ്റ്യാനോസേ എന്ന സിനിമാ ഗാനത്തിന്റെ നാല്പത്തിയെട്ടാം വാര്‍ഷികാഘോഷ വേളയിലാണ് വൈദികരും വിശ്വാസികളും കവിയുടെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. അര്‍ത്തുങ്കല്‍ പള്ളിയില്‍ പെരുന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെ എത്തിയ വൈദികരെയും വിശ്വാസികളെയും വയലാറിന്റെ വീട്ടുകാര്‍ ആഹ്ലാദപൂര്‍വം സ്വീകരിച്ചു.

പേള്‍വ്യൂ എന്ന സിനിമയിലെ ഈ ഗാനമുള്‍പ്പെടെ പ്രശസ്തമായ മൂന്ന് ചലച്ചിത്ര ഗാനങ്ങളിലാണ് വയലാര്‍ രാമവര്‍മ അര്‍ത്തുങ്കല്‍ പള്ളിയെ പരാമര്‍ശിച്ചിട്ടുള്ളത്. മലയാളികള്‍ക്കിടയില്‍ പള്ളിയുടെ പ്രശസ്തി ഉയര്‍ത്തിയ കവിയെ പെരുന്നാളാഘോഷവേളയില്‍ ഓര്‍ക്കാതിരിക്കാന്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കും ആയില്ല. പ്രശസ്ത ഗാനത്തിന്റെ വാര്‍ഷിക ദിനത്തില്‍ കവിയുടെ സ്മരണകുടീരത്തിലേക്കെത്തിയ അതിഥികളെ ഭാരതിത്തമ്പുരാട്ടിയും മക്കളും സ്നേഹപൂര്‍വം സ്വീകരിച്ചു.

പ്രഖ്യാപിത കമ്യൂണിസ്റ്റ് നിലപാടുകളുമായിത്തന്നെ ജീവിച്ചു മരിച്ച വയലാര്‍ രാമവര്‍മ്മയെ വിശ്വാസികളും വൈദികരുമടങ്ങുന്നവര്‍ അനുസ്മരിക്കാനെത്തിയപ്പോള്‍ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാളാഘോഷങ്ങളുടെ ചരിത്രത്തിലെത്തന്നെ സുവര്‍ണ നിമിഷങ്ങളായി അത് മാറി.

Tags:    

Similar News