തോമസ് ചാണ്ടി രാജിവെച്ചു

Update: 2018-05-26 20:17 GMT
Editor : Muhsina
തോമസ് ചാണ്ടി രാജിവെച്ചു

തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍സിപി യോഗത്തിലാണ് രാജിക്ക് ധാരണയായത്..

നാടകീയ സംഭവങ്ങള്‍ക്കും കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി അധ്യക്ഷന്‍ വഴി നല്‍കിയ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ മന്ത്രി ഉടനുണ്ടാകില്ല. തത്കാലം മുഖ്യമന്ത്രിക്കാകും ഗതാഗത വകുപ്പിന്റെ ചുമതല.

Full View

സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന ആരോപണം മന്ത്രിസഭയുടെ അന്തസ്സിനെത്തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ വഷളായതോടെയാണ് അവസാന നിമിഷം വരെ പിടിച്ചുനിന്ന ശേഷം തോമസ് ചാണ്ടി രാജിക്ക് തയ്യാറായത്. ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ തോമസ് ചാണ്ടി ഇന്ന് മന്ത്രിസഭാ യോഗത്തിന് മുന്‍പ് ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം മന്ത്രിസഭാ യോഗത്തിലും പങ്കടുത്തു. മന്ത്രിസഭായോഗം തന്നെ ബഹിഷ്കരിച്ച് സിപിഐയുടെ സമ്മര്‍ദ്ദം. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം എന്‍സിപി തന്നെ തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി.

Advertising
Advertising

ഒടുവില്‍ തന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ടി പി പീതാംബരനും എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തിയ ശേഷം പാര്‍ട്ടിക്ക് രാജിക്കത്തേല്‍പിച്ച് തോമസ് ചാണ്ടി ആലപ്പുഴക്ക് മടങ്ങി. പീതാംബരനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയത്. സര്‍ക്കാരിന്റെ വിശ്വാസ്യത കാക്കാന്‍ മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ചാണ് രാജിയെന്ന് പീതാംബരന്‍ പറഞ്ഞു.

എന്നാല്‍ താന്‍ തന്നെയാണ് രാജിയെന്ന ആശയം മുന്നോട്ടുവെച്ചതെന്ന് തോമസ് ചാണ്ടി പറഞ്ഞു. തത്കാലം എന്‍സിപിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നഷ്ടമായെങ്കിലും ശശീന്ദ്രനോ തോമസ് ചാണ്ടിയോ കുറ്റവിമുക്തരാകുന്ന മുറക്ക് തിരികെയെത്താം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News