ബിജെപിക്ക് ഫണ്ട് നല്‍കിയത് സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലാണെന്ന് ഖമറുന്നീസ അന്‍വര്‍

Update: 2018-05-27 01:52 GMT
ബിജെപിക്ക് ഫണ്ട് നല്‍കിയത് സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലാണെന്ന് ഖമറുന്നീസ അന്‍വര്‍

മുസ്‍ലിം ലീഗിലെ ഒരു ദേശീയ നേതാവിനെ വിളിച്ച് ഇക്കാര്യത്തില്‍ താന്‍ അനുമതി തേടിയിരുന്നുവെന്നും അവര്‍

ബിജെപിക്ക് ഫണ്ട് നല്‍കിയത് പാര്‍ട്ടിയുടെ അറിവോടെയും സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലും ആണെന്ന് മുസ്‍ലിം ലീഗ് വനിത അധ്യക്ഷ ഖമറുന്നീസ അന്‍വര്‍. ബിജെപിയുടെ തിരൂര്‍ മണ്ഡലം കമ്മിറ്റി തങ്ങളുടെ ഫണ്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നുവെന്നും ഒരു മുസ്‍ലിം വനിതയായിരിക്കണം ആദ്യ സംഭാവന നല്‍കേണ്ടത് എന്ന ബിജെപി പാര്‍ട്ടി തീരുമാനപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വരികയായിരുന്നുവെന്നും അവര്‍ പറയുന്നു. അന്നുതന്നെ മുസ്‍ലിം ലീഗിലെ ഒരു ദേശീയ നേതാവിനെ വിളിച്ച് ഇക്കാര്യത്തില്‍ താന്‍ അനുമതി തേടിയിരുന്നുവെന്നും അവര്‍ പറയുന്നു. ഫണ്ട് നല്‍കുന്നതില്‍ കുഴപ്പമില്ല എന്ന് ആ നേതാവ് പറഞ്ഞതുകൊണ്ടാണ് താന്‍ ഫണ്ട് നല്‍കിയത് എന്നാണ് ഖമറുന്നീസ അന്‍വര്‍ പറയുന്നത്.

Advertising
Advertising

സംഭാവന നല്‍കി എന്നല്ലാതെ വേറെ ഒരു കാര്യവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ നിങ്ങളുടെ കയ്യില്‍ നിന്ന് ഞങ്ങള്‍ക്ക് ആദ്യ സംഭാവന വേണമെന്ന് പറഞ്ഞാണ് ബിജെപി ഭാരവാഹികള്‍ എത്തിയത്. എത്രയാണ് സംഖ്യ എന്ന് ഞാന്‍ ചോദിച്ചു. സംഖ്യയല്ല, അത് എത്രയായാലും അത് നിങ്ങളുടെ കൈ കൊണ്ട് കിട്ടണമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം ചോദിക്കുകയും വിരോധമില്ല, തെറ്റില്ല എന്ന് പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് ഞാന്‍ അത് ചെയ്തത്. വൈകീട്ട് ബിജെപി പ്രവര്‍ത്തകര്‍ വരികയും ഞാന്‍ കവറിലിട്ട് വെച്ച പൈസ നല്‍കുകുയും അവര്‍ അതിന് റസീറ്റ് നല്‍കി, ഫോട്ടോ എടുത്തു. വന്ന മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ്, ബിജെപി വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് എന്ന് പറഞ്ഞു.

Full View

തന്നോട് ഇത് സംബന്ധിച്ച് പാര്‍ട്ടി വിശദീകരണം ചോദിച്ചെന്നും അതിന് താന്‍ മറുപടി നല്‍കിയെന്നും ഖമറുന്നീസ അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ ഫണ്ട് നല്‍കാന്‍ മാത്രമാണ് ലീഗ് നേതൃത്വം അനുമതി നല്‍കിയതെന്നും, ഇത്തരത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിക്കാനോ, ബിജെപിയെ പ്രശംസിച്ച് സംസാരിക്കാനോ അനുമതി നല്‍കിയിട്ടില്ലെന്നുമാണ് ലീഗ് നേതൃത്വം ഇപ്പോള്‍ പറയുന്നത്.

Tags:    

Similar News