ഇതല്ല ഹീറോയിസം, ഇവരല്ല യഥാര്‍ഥ പുരുഷന്മാര്‍: നല്ലവനൊപ്പമെന്ന ഹാഷ് ടാഗുമായി റിമ

Update: 2018-05-28 01:41 GMT
Editor : Sithara
ഇതല്ല ഹീറോയിസം, ഇവരല്ല യഥാര്‍ഥ പുരുഷന്മാര്‍: നല്ലവനൊപ്പമെന്ന ഹാഷ് ടാഗുമായി റിമ

ജയിലിന് പുറത്ത് മധുരം വിളമ്പിയ നൂറോളം പേരോ ഇതുപോലെ ഫെയ്ക്ക് പ്രൊഫൈലുകളിലൂടെ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്ന ഭീരുക്കളോ അല്ല യഥാര്‍ഥ പുരുഷന്മാര്‍...

താരാരാധന മൂത്ത് സ്ത്രീകളെ കടന്നാക്രമിക്കുന്ന ഫാന്‍സിനെതിരെ രൂക്ഷവിമര്‍ശവുമായി റിമ കല്ലിങ്കല്‍. ദിലീപിന്‍റെ ഫോട്ടോയ്ക്കൊപ്പം സ്ത്രീകളെ വെല്ലുവിളിച്ച് ഫേസ് ബുക്കില്‍ പ്രചരിച്ച പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് റിമ താരാരാധനയാല്‍ അന്ധത ബാധിച്ചവര്‍ക്ക് മറുപടി നല്‍കിയത്. ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ജയിലിന് പുറത്ത് മധുരം വിളമ്പിയ നൂറോളം പേരോ ഇതുപോലെ ഫെയ്ക്ക് പ്രൊഫൈലുകളിലൂടെ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്ന ഭീരുക്കളോ അല്ല യഥാര്‍ഥ പുരുഷന്മാര്‍. ഇത്തരം മോശം പുരുഷന്മാരിൽ നിന്നും നല്ല പുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകൾ നല്ല പുരുഷന്മാർക്കൊപ്പം നിലയുറപ്പിക്കണമെന്നും റിമ പറഞ്ഞു‍. നല്ലവനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് റിമ ഫെസ് ബുക്കില്‍ കുറിപ്പെഴുതിയത്.

Advertising
Advertising

റിമ എഴുതിയതിങ്ങനെ: "ഫെബ്രുവരി 17ന് ക്രൂരമായി ആക്രമിക്കപ്പെട്ട എന്‍റെ സുഹൃത്തായ നടിയാണ് ഈ ഫേസ് ബുക്ക് പോസ്റ്റ് എനിക്കയച്ചുതന്നത്. അവള്‍ തനിക്കും ചുറ്റും നടക്കുന്നത് എന്തെന്ന് കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.

വളരെ കുറച്ച് പുരുഷന്മാരുടെ മോശം സ്വഭാവത്തിന് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്ന് പറയേണ്ടത് എന്‍റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. നല്ലവരായ പുരുഷന്മാര്‍ക്കായി നമ്മള്‍ നിലകൊള്ളണം. നമ്മള്‍ അവരെ രക്ഷിക്കണം. പുലിമുരുകന്‍ എന്ന സിനിമ മോശമെന്ന് അഭിപ്രായപ്പെട്ട സ്ത്രീയോട് വളരെ മോശമായി പ്രതികരിച്ചവര്‍ മോഹന്‍ലാലിനും നല്ല പുരുഷന്മാര്‍ക്കും നാണക്കേടുണ്ടാക്കി. ലിച്ചിയെ കരയിച്ചവര്‍ മമ്മൂട്ടിയെയും മറ്റ് പുരുഷന്മാരെയും നാണംകെടുത്തി.

ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്നും ഇതിനേക്കാള്‍ ചെയ്യാന്‍ കഴിയുമെന്നുമാണ് എനിക്കയച്ചു കിട്ടിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇങ്ങനെയൊക്കെ പറയുന്നതാണ് ഹീറോയിസം എന്ന് വിശ്വസിക്കുന്ന ഇത്തരക്കാരില്‍ നിന്നും യഥാര്‍ഥ പുരുഷന്മാരെയും പുതിയ തലമുറയെയും രക്ഷിക്കണം. ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മള്‍ എന്‍റെ കൂട്ടുകാരിയോട് പറയണം, ജയിലിന് പുറത്ത് മധുരം വിളമ്പിയ നൂറോളം പേരോ ഇതുപോലെ ഫെയ്ക്ക് പ്രൊഫൈലുകളിലൂടെ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്ന ഭീരുക്കളോ അല്ല യഥാര്‍ഥ പുരുഷന്മാര്‍. നമ്മള്‍ കൂട്ടുകൂടാന്‍, പ്രണയിക്കാന്‍, കൂടെ ജീവിക്കാന്‍, ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നത് ഇത്തരക്കാരുടെ കൂടെയല്ല"- ഞാന്‍ യഥാര്‍ഥ പുരുഷന്മാര്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് റിമ ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News