ഇടതുകേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റം

Update: 2018-05-30 23:22 GMT
Editor : Sithara
ഇടതുകേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റം
Advertising

സംഘപരിവാര്‍ ഫാഷിസം മുതല്‍ മഹിജ വിഷയം വരെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ തന്ത്രങ്ങളാണ് ഫലം കണ്ടത്

ഇ അഹമ്മദിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും യുഡിഎഫിനിത് തിളക്കമാര്‍ന്ന വിജയം. സംഘപരിവാര്‍ ഫാഷിസം മുതല്‍ മഹിജ വിഷയം വരെ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ തന്ത്രങ്ങളാണ് ഫലം കണ്ടത്. ഇടതുകേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് മുന്നേറിയത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്.

Full View

എം ബി ഫൈസല്‍ എന്ന പുതുമുഖത്തിലൂടെ പി കെ കുഞ്ഞാലിക്കുട്ടിയെ തളയ്ക്കാനുളള ശ്രമമായിരുന്നു ഇടതു മുന്നണിയുടേത്. എന്നാല്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും തിരിച്ചടിയുണ്ടായത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം നേടാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും ഒരു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി ഇരുപത്തി മൂന്ന് വോട്ടിന്‍റെ ഭൂരിപക്ഷം നേടാനായി എന്നത് യുഡിഎഫിന് കരുത്തു പകരുന്ന മുന്നേറ്റമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി പതിനെട്ടായിരത്തി അറുനൂറ്റിതൊണ്ണൂറ്റിയാറ് വോട്ടാണ് മണ്ഡലത്തില്‍ യുഡിഎഫിന് അധികമായി ലഭിച്ചത്. ഇതില്‍ നിന്നും 52342 വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു എന്നത് നിസാര നേട്ടമായി യുഡിഎഫ് കാണുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ എഴുപത്തിയേഴായിരത്തി അറുനൂറ്റി രണ്ട് വോട്ടുകളാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. എല്‍ഡിഎഫിന് ഒരു ലക്ഷത്തി ആയിരത്തി മുന്നൂറ്റി മൂന്ന് വോട്ടും കൂടുതല്‍ ലഭിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തി പതിനാലായിരം പുതിയ വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇതിനു പുറമേ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇടത് മുന്നണി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പെരിന്തല്‍മണ്ണയിലും മങ്കടയിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് സാധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം മലപ്പുറത്ത് മറികടക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് നേട്ടം.

പ്രചാരണത്തിന്‍റെ അവസാന നാളുകളില്‍ മഹിജ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായതടക്കം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകും ഫലമെന്ന ഇടതു നേതാക്കളുടെ പ്രസ്താവനകള്‍ ഫലത്തില്‍ അവര്‍ക്കു തന്നെ തിരിച്ചടിയായി മാറുന്നതിനും മലപ്പുറം സാക്ഷിയായി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News