ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഇടഞ്ഞതോടെ ബിജെപി പ്രതിസന്ധിയില്‍

Update: 2018-05-31 08:09 GMT
Editor : Sithara
ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഇടഞ്ഞതോടെ ബിജെപി പ്രതിസന്ധിയില്‍

ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഇന്ന് നടത്താനിരുന്ന എന്‍ഡിഎ ആലപ്പുഴ ജില്ലാ നേതൃയോഗം മാറ്റിവെച്ചു.

ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഇന്ന് നടത്താനിരുന്ന എന്‍ഡിഎ ആലപ്പുഴ ജില്ലാ നേതൃയോഗം മാറ്റിവെച്ചു. എന്‍ഡിഎ വിടാനുള്ള ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഘട്ടത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചത്.

Full View

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ പ്രാദേശികമായി ബിഡിജെഎസ്, ബിജെപിയുമായി ഇടഞ്ഞിരുന്നു. ബിജെപി ഏകാധിപത്യ ശൈലിയില്‍ പെരുമാറുകയാണെന്നും അതിനാല്‍ എന്‍ഡിഎയില്‍ സഹകരിക്കില്ലെന്നും പ്രാദേശിക നേതൃത്വം ബിഡിജെഎസ് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു ശേഷം ബിഡിജെഎസിന്റെ മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ജോണ്‍ രാജിവെച്ചു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മുന്നണി വിടാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം പുറത്തുവന്നത്.

ബിഡിജെഎസ് വിട്ടാല്‍ കഴി‍ഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ നിലനിര്‍ത്താന്‍ പോലും കഴിയില്ലെന്നറിയാവുന്ന ബിജെപിയും പി എസ് ശ്രീധരന്‍ പിള്ളയും ഇതോടെ പ്രതിസന്ധിയിലായി. തുടര്‍ന്നാണ് എന്‍ഡിഎ യോഗം മാറ്റി വെച്ചത്. ബിഡിജെഎസിന്റെ നിലപാടിനോട് മറ്റ് രണ്ടു മുന്നണികളും കരുതലോടെയാണ് പ്രതികരിക്കുന്നത്.
സമ്മര്‍ദ്ദ തന്ത്രമാണ് ബിഡിജെഎസ് പ്രയോഗിക്കുന്നതെന്ന ആരോപണവും ഇതിനകം വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News